ഇരിട്ടി : കീഴൂർക്കുന്ന് – അയ്യപ്പൻകാവ് റോഡ് നിർമ്മാണത്തിലെ അപാകതക്കും ക്രമക്കേടിനും എതിരെ ബി ജെ പി കീഴൂർക്കുന്ന് യൂണിറ്റ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. കലുങ്ക് പണി പാതിവഴിയിൽ നിലച്ചതിനാൽ വെള്ളക്കെട്ടും, യാത്ര ദുരിതവും രൂക്ഷമായ സഹചര്യത്തിലാണ് ബി ജെ പി യുടെ പ്രതിഷേധം
ഇരിട്ടി നഗരസഭയുടെ 2020 – 21 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കിയത്. എന്നാൽ കീഴൂർ കുന്ന് റോഡിൽ നിന്നും അയ്യപ്പൻ കാവ് റോഡിലേക്ക് കടക്കുന്ന തുടക്കഭാഗത്തെ റോഡിന് കുറുകെയുള്ള ഭാഗത്തെ കലുങ്കിന് സ്ളാബ് നിർമ്മിക്കാതെ കരാറുകാർ പണി നിർത്തി പോവുകയായിരുന്നു . തുടക്കത്തിലേ നാട്ടുകാർ ഇത് കരാറുകാരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നെങ്കിലും ഇവിടെ സ്ലാബിനു പകരം എവിടെനിന്നോ കൊണ്ടുവന്ന ഒരു കോൺക്രീറ്റ് ബീമിട്ട് തടിതപ്പുകയായിരുന്നു. ഇതാണ് ഇപ്പോൾ അപകടക്കെണിക്കും വെള്ളക്കെട്ടിനും കാരണമാകുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ ബി ജെ പി യുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി ബി ജെ പി രംഗത്തെത്തിയത്. കരാറുകാരും നഗരസഭാ അധികൃതരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതിനു പിന്നിൽ എന്നാണ് ഇവർ ആരോപിക്കുന്നത്.
പ്രതിഷേധ സമരം ബി ജെ പി മണ്ഡലം സിക്രട്ടറി സത്യൻ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ഒ ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സതീഷ്, എൻ. രതീഷ് കുമാർ , വി. ശ്രീധരൻ, സി. പ്രകാശൻ എന്നിവർ സംസാരിച്ചു. ന്യൂസ് ബ്യൂറോ ഇരിട്ടി