• Sat. Jul 27th, 2024
Top Tags

അലാറത്തിന്റെ കണക്ഷൻ വിച്ഛേദിച്ച് ബാങ്ക് കുത്തിത്തുറന്നു മോഷണശ്രമം; മോഷ്ടാവ് എത്തിയത് പിൻഭാഗത്തു കൂടി

Bydesk

Oct 20, 2021

പഴയങ്ങാടി ∙ എസ്ബിഐ മാടായി കോഴി ബസാർ ശാഖ കുത്തിതുറന്നു മോഷണ ശ്രമം.  ഇന്നലെ രാവിലെ ബാങ്കിൽ ജീവനക്കാരി എത്തിയപ്പോഴാണു മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. കോഴി ബസാർ പാലത്തിനു സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിലേക്കു പ്രവേശിക്കുന്ന താഴ്നിലയിലെ ഗ്രിൽസ് തുറക്കാൻ പറ്റാത്തതിനാൽ പിൻഭാഗത്തു കൂടിയാണു മോഷ്ടാവ്  ഒന്നാം നിലയിലെത്തി‌ വാതിൽ ഉൾപ്പെടെയുള്ള ഗ്രിൽസ് തകർത്ത് അകത്തു കടന്നത്.  ബാങ്കിന്റെ സെക്യൂരിറ്റി അലാറത്തിന്റെ കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പുലർച്ചെ 2.30ഓടെയാണു സിസിടിവി ദൃശ്യത്തിൽ  മോഷ്ടാവിനെ ബാങ്കിനുള്ളിൽ കണ്ടത്. മോഷ്ടാവ് വെള്ളമുണ്ട് കഴുത്തിൽ കെട്ടിയും, കൈ ഉറ, മുഖം മൂടി എന്നിവ ഉൾപ്പെടെ ധരിച്ചിരുന്നു.

കൈയിൽ ഇരുമ്പ് പാരയും ഉണ്ടായിരുന്നു. ബാങ്കിലെ ഷെൽഫുകളും മേശ വലിപ്പുകളും തുറക്കുന്ന ദൃശ്യം സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമാകാത്തതിനാൽ ആളെ തിരിച്ചറിഞ്ഞില്ല. മെലിഞ്ഞ ശരീര പ്രകൃതമാണ്.  ബാങ്കിൽ നിന്ന് ഒന്നും മോഷണം പോയില്ലെന്നു ബാങ്ക് മനേജർ പറഞ്ഞു. വിവരമറിഞ്ഞു പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, പഴയങ്ങാടി സിഐ എം.ഇ.രാജഗോപാലൻ, എസ്.ഐ.കെഷാജു, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.

പരിശോധനയ്ക്കെത്തിയ പൊലീസ് നായ മൊട്ടാമ്പ്രം വരെ പോയി.  കഴിഞ്ഞ ദിവസം മാടായി സർവീസ് ബാങ്കിന്റെ പുതിയങ്ങാടി മൊട്ടാമ്പ്രം ശാഖയുടെയുടെയും ഷട്ടറിന്റെ പൂട്ട് തകർത്തു മോഷണശ്രമം നടത്തിയിരുന്നു.  പഴയങ്ങാടി, മാട്ടൂൽ മേഖലയിൽ ദേശസാൽകൃത, സഹകരണ ബാങ്കുകളും കൂടുതൽ ഉള്ളതിനാൽ അതാതു ബാങ്കുകൾ സെക്യൂരിറ്റി ഉറപ്പ് വരുത്തണമെന്നും പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും സ്ഥലം സന്ദർശിച്ച പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ  പറഞ്ഞു.

പട്രോളിങ് ശക്തമാക്കണം

രണ്ട് ദിസങ്ങളിലായി പുതിയങ്ങാടി മേഖലയിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മോഷണം ശ്രമം നടന്നതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പൊലീസ് ഈ പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നു പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോയ് ചൂട്ടാട് അധ്യക്ഷത വഹിച്ചു. സജി നാരായണൻ, ശ്രീജിത്ത് പൊങ്ങാടൻ, സുനിൽ ഇട്ടമ്മൽ, പി.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *