• Sat. Jul 20th, 2024
Top Tags

കുലുങ്ങി ഭൂമി, കുലുങ്ങാതെ ‘സാറൻമാർ’; മണ്ണിന്റെ മനസ്സുമാറ്റത്തിന്റെ നാൾവഴികളിലൂടെ..

Bydesk

Oct 20, 2021
  • ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ആവർത്തിക്കുമ്പോഴും ആളില്ലാതെ ജിയോളജി വിഭാഗം
  • വീടു മാറിയവരിൽ നഷ്ടപരിഹാരം ലഭിച്ചത് ചുരുക്കം കുടുംബങ്ങൾക്കു മാത്രം
  • 2019ൽ പയ്യാവൂരിൽ ഭൂമി വിണ്ടു കീറിയപ്പോൾ പ്രദേശവാസികളോട് അന്നത്തെ കലക്ടർ പറഞ്ഞു, ‘വാടകയ്ക്കു മാറിക്കോളൂ… വാടക തരാം’. മാറി താമസിച്ച 9 കുടുംബങ്ങൾക്കും 2021 ആയിട്ടും വാടകയിനത്തിൽ ഒരു രൂപ പോലും ലഭിച്ചില്ല…

ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഒപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കൂടി ഭയപ്പെടേണ്ട സ്ഥിതിയിലാണു മലയോര ജനത. ഭൂമി വിണ്ടു കീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കർ കണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാനോ നഷ്ടപരിഹാരം നൽകാനോ കൃത്യമായ നടപടികൾ ഇല്ലാത്തത് ജനജീവിതത്തിനുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. പഠനസംഘങ്ങൾ മുറതെറ്റാതെ എത്തുന്നുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പിന് അപ്പുറം മണ്ണിടിച്ചിൽ സംബന്ധിച്ചോ ഭൂമി ഇടിഞ്ഞു താഴുന്നതു സംബന്ധിച്ചോ കൃത്യമായ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങളും നിലവിലില്ല. വർഷങ്ങളായി താമസിച്ചിരുന്ന വീടും കൃഷി ചെയ്തിരുന്ന മണ്ണും വിട്ട് പോകേണ്ടിവരുന്നവരിൽ വളരെ ചെറിയ ശതമാനത്തിനു മാത്രമാണു നഷ്ടപരിഹാരം ലഭിച്ചതും ലഭിക്കുന്നതും.

മണ്ണിടിച്ചിൽ ഭീഷണിയിൽ 24 സ്ഥലങ്ങൾ

മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ചു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്നു തയാറാക്കിയ പട്ടികയിൽ ജില്ലയിലെ 24 കേന്ദ്രങ്ങൾ ഉണ്ട്. ഇതിൽ ഇരിട്ടി താലൂക്കിലെ മൂന്നു പ്രദേശങ്ങൾ അതീവ അപകടാവസ്ഥയിൽ ആണെന്നും ചൂണ്ടിക്കാട്ടുന്നു. അയ്യൻകുന്ന് വില്ലേജിലെ ബാരാപോൾ പാലത്തുംകടവ്, പാറക്കാമല ഭാഗങ്ങൾ, കണിച്ചാർ വില്ലേജിലെ കണ്ടത്തോട്, കേളകം പഞ്ചായത്തിലെ പതിനൊന്നാം വാർഡ്, മേലേകണ്ടന്തോട് (വെള്ളൂന്നി) മേഖലകളും കൊട്ടിയൂർ വില്ലേജിലെ മേലേചപ്പനമല ഭാഗവും അതീവ അപകടാവസ്ഥയിലെന്നാണു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

ശാന്തിഗിരി, മേമല, ചപ്പമല, തലശ്ശേരി താലൂക്കിലെ തൃപ്രങ്ങോട്ടൂരിലെ നരിക്കോട്ടുമല തുടങ്ങിയ മേഖലകളും അപകടസാധ്യതാ പട്ടികയിലുണ്ട്.

ഇരിട്ടി താലൂക്കിലെ അറബിക്കുളം, എടക്കാനം, എടപ്പുഴ – കരിക്കോട്ടക്കരി, അനപ്പന്തിക്കവല, കൈലാസംപടി, കണ്ടപ്പനം, ഉരുപ്പുംകുറ്റി, വാളത്തോട്, കാലാങ്കി, തേർമല, തളിപ്പറമ്പ് താലൂക്കിലെ അരീക്കാമല, പൈതൽമല, പുറത്തോടി, പയ്യാവൂർ വില്ലേജിലെ മടക്കോളി, മുക്കുഴി, തേനൻകയം, കണ്ണൂർ താലൂക്കിലെ മുഴപ്പിലങ്ങാട് എച്ച്എസ്എസ് ഭാഗം എന്നിവയും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളാണെന്നു പട്ടികയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *