കൂത്തുപറമ്പ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച സിനിമാ തിയറ്ററുകൾ വീണ്ടും തുറക്കുന്നു. തിങ്കളാഴ്ച തുറക്കാനുള്ള ഒരുക്കത്തിനായി നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലും ഒരുക്കങ്ങൾ സജീവം. ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വെള്ളി വെളിച്ചം തെളിയുന്നതിൽ ജീവനക്കാരും സിനിമാ പ്രേമികളും ഏറെ സന്തോഷത്തിലാണ്. ശുചീകരണവും മറ്റ് അറ്റകുറ്റപ്പണികളും നടന്നു വരികയാണ്. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.
ജീവനക്കാരും പ്രേക്ഷകരും 2 ഡോസ് വാക്സീൻ എടുത്തിരിക്കണം. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവർത്തനം അനുവദിച്ചിട്ടുള്ളത്. ആദ്യ കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്റർ ഈ വർഷം ജനുവരിയിലാണ് തുറന്നത്. രണ്ടാം തരംഗത്തിൽ വീണ്ടും അടച്ചിടുകയായിരുന്നു. മാസങ്ങളായി ജോലിയില്ലാതിരുന്ന ജീവനക്കാർക്ക് സർക്കാർ തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്. അടുത്ത ദിവസം സിനിമ തീരുമാനമാകുന്നതോടെ ആളും ആരവവും നിറയുമെന്ന് തന്നെയാണ് പ്രതീക്ഷ.