• Sat. Jul 27th, 2024
Top Tags

മത്സ്യക്ഷാമവും ഡീസൽ വില വർധനയും; ആഴക്കയത്തിൽ മുങ്ങി മത്സ്യബന്ധന മേഖല

Bydesk

Oct 23, 2021

അഴീക്കൽ : മത്സ്യക്ഷാമത്തിനു പിറകെ ഡീസൽ വില വർധന കൂടിയായതോടെ മത്സ്യബന്ധന ചെറുകിട ബോട്ട് സർവീസ് പ്രതിസന്ധിയുടെ ആഴക്കയത്തിൽ. ഓഖിക്ക് ശേഷം മത്സ്യ ക്ഷാമം നേരിടുന്ന മേഖലയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാണ് ഡീസൽ വില വർധന വരുത്തിവച്ചിരിക്കുന്നത്. 5 ദിവസം തുടർച്ചയായി മീൻ പിടിച്ചു തിരിച്ചെത്തുന്ന ബോട്ടിന് ഇന്ധന ഇനത്തിൽ മുക്കാൽ ലക്ഷം രൂപയുടെ നഷ്ടമാണു നേരിടേണ്ടി വരുന്നതെന്ന് ഉടമകൾ പറയുന്നു.

300ൽ ഏറെ ബോട്ടുകൾ സർവീസ് നടത്തിയിരുന്ന അഴീക്കൽ ഫിഷിങ് ഹാർബറിൽ നിലവിൽ 15ൽ താഴെ ബോട്ടുകൾ മാത്രമാണു മീൻ പിടിക്കാൻ പോകുന്നത്. മറ്റുള്ളവ മാസങ്ങളായി ഹാർബറിൽ കിടക്കുകയാണ്. കൂലി പോലും കിട്ടാതായതോടെ അന്യ സംസ്ഥാനക്കാരായ തൊഴിലാളികൾ നാട്ടിലേക്കു തിരിക്കുകയാണ്. ഡീസലിൽ മാത്രം പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് ഇന്ധനത്തിന് സബ്സിഡിയോ ആനുകൂല്യങ്ങളോ ഇല്ല. മറ്റ് ഇനങ്ങളിലും ബോട്ട് മേഖലയ്ക്ക് സർക്കാർ സഹായങ്ങൾ ഒന്നുമില്ല.

ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും മറ്റുമായാണു മേഖല മുന്നോട്ടു പോയിരുന്നത്. സർവീസ് നിലച്ചതോടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് മിക്കവരും. കടലിൽ പോകുന്ന ബോട്ടുകൾക്കും വേണ്ടത്ര മത്സ്യം ലഭിക്കാത്ത സ്ഥിതിയാണ്. നേരത്തേ കോടിക്കണക്കിനു രൂപയുടെ മത്സ്യം വിപണനം നടത്തിയ പ്രധാന ഹാർബറുകളിൽ ഒന്നായിരുന്നു അഴീക്കൽ. പരമ്പരാഗത വള്ളക്കാരുടെ മത്സ്യ വിപണനമാണു പ്രധാനമായും അഴീക്കൽ ഹാർബറിൽ ഇപ്പോൾ നടക്കുന്നത്.

സർവീസ് നടത്തുന്ന എണ്ണത്തിൽ കുറഞ്ഞ ബോട്ടുകൾക്കു കുറഞ്ഞ തോതിലുള്ള കൂന്തൽ, ചെമ്മീൻ മത്സ്യങ്ങളാണു ലഭിക്കുന്നത്. എന്നാൽ ഇവയ്ക്ക് മാർക്കറ്റിൽ ഉയർന്ന വില ലഭിക്കാത്ത സ്ഥിതിയുമാണ്. കടലിൽ ഇറങ്ങുന്ന ബോട്ടുകൾക്കു കടം മാത്രമാണ് മിച്ചമെന്നും ബോട്ട് ഉടമകൾ പറഞ്ഞു. അഴീക്കലിൽ മാത്രം രണ്ടു മാസത്തിനിടെ 17 ബോട്ടുകൾ പൊളിച്ച് വിൽപന നടത്തി കഴിഞ്ഞു.

ജില്ലയിൽ അഴീക്കൽ കഴിഞ്ഞാൽ ആയിക്കര ഹാർബറിലാണ് കുറഞ്ഞ തോതിലെങ്കിലും ബോട്ടുകൾ സർവീസ് നടത്തിയിരുന്നത്. അവിടെയും പരമ്പരാഗത വള്ളങ്ങളുടെ മത്സ്യ ബന്ധനം മാത്രമാണു നിലവിൽ നടക്കുന്നത്. തമിഴ്നാട്ടിൽ ബോട്ടുകൾക്കുള്ള ഡീസൽ ലീറ്ററിന് 15 രൂപയും കർണാടകയിൽ 20 രൂപയും സബ്ഡിസിയായി ലഭിക്കുന്നുണ്ട്. കേരള സർക്കാരും അടിയന്തരമായി ബോട്ടുകൾക്ക് ഡീസലിനു സബ്സിഡി അനുവദിക്കണമെന്നാണ് മേഖലയിലുള്ളവരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *