കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി
ഇരിട്ടി : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കു മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് കർണാടക ചീഫ് സെക്രട്ടറി പി.രവികുമാറിനു കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത് അനുസരിച്ചാണ് നടപടി. മാക്കൂട്ടം അതിർത്തിയിലെ യാത്രാ വിലക്ക് പ്രശ്നത്തിൽ മുഖ്യമന്ത്രി കർണാടക സർക്കാരിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് നേരത്തേ സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ ഒന്നാം ഡോസ് 95 ശതമാനം പേർക്കും 2–ാം ഡോസ് 60 ശതമാനം പേർക്കും നൽകി കഴിഞ്ഞു. രോഗവ്യാപനം വളരെ കുറയുകയും ചെയ്തു. ഇക്കാര്യങ്ങൾ പരിഗണിച്ചു കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക നിഷ്കർഷിച്ചിട്ടുള്ള ആർടിപിസിആർ നിബന്ധന ഒഴിവാക്കണമെന്നു കർണാടക ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കി. കേരള – കർണാടക ആർടിസി ബസുകൾക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം നീക്കിയെങ്കിലും ജീവനക്കാർക്കും യാത്രക്കാർക്കും ആർടിപിസിആർ നിബന്ധന കർശനം ആയതിനാൽ എല്ലാ ബസുകളും ഓടി തുടങ്ങിയിട്ടില്ല. സ്വകാര്യ – ടൂറിസ്റ്റ് ബസ് സർവീസ് അനുവദിച്ചിട്ടില്ല. പൊതുഗതാഗതം സാധാരണ പോലെ ആവാതെ അന്തർ സംസ്ഥാന യാത്രക്കാരുടെ ദുരിതം പൂർണമായി പരിഹരിക്കപ്പെടുന്നില്ല.
കർണാടകയിലെ ബിജെപി സർക്കാരിന് കേരളത്തോടു വിവേചനം: ഡിവൈഎഫ്ഐ
കുടകിലേക്ക് മാക്കൂട്ടം – ചുരം പാത വഴി മലയാളികൾ പ്രവേശിക്കുന്നതിനു കർണാടക തുടരുന്ന യാത്രാ വിലക്കിന് എതിരെ കൂട്ടുപുഴ പാലത്തിനു സമീപം ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ സംഗമം സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ പേരിൽ രാജ്യത്ത് എവിടെയും ഇല്ലാത്ത നിയന്ത്രണം മലയാളികളോട് തുടരുന്നതിലൂടെ കർണാടകയിലെ ബിജെപി സർക്കാരിനു കേരളത്തോടുള്ള വിവേചനമാണു വെളിവാകുന്നതെന്നു സമരക്കാർ ആരോപിച്ചു.
കനത്ത മഴ അവഗണിച്ചാണു പ്രവർത്തകരും നേതാക്കളും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ.ജി.ദിലീപ് അധ്യക്ഷത വഹിച്ചു. സിപിഎം വിളമന ലോക്കൽ സെക്രട്ടറി എം.എസ്.അമർജിത്ത്, ഏരിയ കമ്മിറ്റി അംഗം ഇ.എസ്.സത്യൻ, പി.എ.നോബിൻ, ടി.അജേഷ്, അനിൽ, ഹുസൈനാർ എന്നിവർ പ്രസംഗിച്ചു.