ആറളം : ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി. പായം തോണിക്കടവില്‍ 2 കാട്ടാനകളെത്തി. ജനങ്ങള്‍ പരിഭ്രാന്തരായി. ആറളം വന്യ ജീവിസങ്കേതവും കഴിഞ്ഞ് 20 കി.മി ഇപ്പുറമുള്ള ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകള്‍ എത്തിയത്. രാവിലെ 10. 30 ഓടെ ആണ് ഇരിട്ടി ടൗണില്‍ നിന്നും വെറും 4 കിലോമീറ്റര്‍ അടുത്തുള്ള പായംമുക്കിലെ ജനവാസ കേന്ദ്രത്തില്‍ 2 കാട്ടാനകളെ കാണുന്നത്. ഉടന്‍തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ 12 മണിയോടെ 2 കാട്ടാനകൾ ചാക്കാട് കോളനിക്ക് സമീപത്ത് എത്തി. പിന്നീട് ബാബലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിൽ എത്തി. ആറളം പാലത്തിന് സമീപത്തെ പുഴ തുരുത്തിൽ ഏറെ നേരം നിന്നു. അവിടെ നിന്നും തുരത്താൻ ശ്രമം നടത്തി എങ്കിലും കാട്ടാനകൾ തിരിച്ച് പോവുകയായിരുന്നു. കാട്ടാനകളെ കാണാൻ നിരവധി പേരാണ് ആറളം പാലത്തിൻ്റെ മുകളിൽ എത്തിയത്. ഉച്ചക്ക് 1 മണിയോടെ പൂതകുണ്ട് പുഴയോരത്ത് നിന്ന ആനകളെ ആറളം പാലത്തിന് സമീപത്തൂടെ കാപ്പും കടവ് മേഖലയിലൂടെ ആറളം ഫാമിലേക്ക് കടത്തിവിടുകയായിരുന്നു.
ഈ സമയം പുഴയോരങ്ങളിൽ പശുക്കളും ,ആടുകളും, പോത്തുകളും ഉണ്ടെങ്കിലും അവയെ കാട്ടാനകൾ ഉപദ്രവിച്ചിട്ടില്ല.