മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തര സാഹചര്യങ്ങളിൽ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു. വിമാനം തട്ടിയെടുത്തു യാത്രക്കാരെ ബന്ദികളാക്കിയാൽ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ചായിരുന്നു മോക്ഡ്രിൽ. രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രിൽ ഒരു മണിക്കൂർ നീണ്ടു. യാത്രാ ബസിനെ ഗോ എയർ വിമാനമെന്നു സങ്കൽപ്പിച്ചായിരുന്നു ഡ്രിൽ. എ. ഐ. എ. എസ്എൽ ജീവനക്കാർ, എ. ടി. സി ഓഫിസർമാർ, സി. ഐ.എസ്എഫ് ഭടന്മാർ, ഇൻഡിഗോ എയർലൈൻസ് ജീവനക്കാർ, എ. ഐ. എസ്എൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
എയറോഡ്രോം കമ്മിറ്റി, ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, കിയാൽ സി. ഇ. ഒ എന്നിവരും, ഐ. ബി, കസ്റ്റംസ്, ഏഴിമല നാവിക സേനാ വിഭാഗം, എമിഗ്രേഷൻ തുടങ്ങിയവയും മോക്ഡ്രില്ലിന്റെ ഭാഗമായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തി. കിയാൽ സി. ഇ. ഒ സുഭാഷ് മുരിക്കഞ്ചേരി, ഐ. ബി ഡി. സി. ഐ. ഒ ആർ.കെ.ശൈലേന്ദ്ര, ചീഫ് സെക്യൂരിറ്റി ഓഫിസർ ഡാനിയൽ ധനരാജ്, ജോയിന്റ് ജനറൽ മാനേജർ ജി. പ്രദീപ് കുമാർ, തലശ്ശേരി തഹസിൽദാർ കെ ഷീബ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.