പാപ്പിനിശ്ശേരി : നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ മകൾക്ക് സ്വർണത്തിളക്കം, ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് വെങ്കലവും. പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ഗ്ലാഡ്സൺ പാറക്ക(49)ലും, മകൾ സാനിയ മറിയ(16)യുമാണ് നാടിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചത്. ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ കഴിഞ്ഞ ദിവസം ഹൈദരബാദിൽ നടത്തിയ മത്സരത്തിലാണ് ഇവർ വിജയം നേടിയത്. സബ്ജൂനിയർ 43 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ സാനിയ, കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു സയൻസ് വിദ്യാർഥിനിയാണ്.
തൊടുപുഴയിൽ നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ വെള്ളിമെഡൽ കൂടി നേടി ഈ മിടുക്കി. മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഗ്ലാഡ്സൺ 2009 ലെ മിസ്റ്റർ കേരള കൂടിയാണ്. ഇല്ലായ്മകൾക്കിടയിലും കഴിഞ്ഞ 35 വർഷമായി ബോഡി ബിൽഡിങ്ങിൽ കഠിന പരിശീലനം നടത്തുന്നു. കോവിഡ് കാലത്താണു പരിശീലനം തുടങ്ങിയത്. പ്രോസ്റ്റെൽ ജിംനേഷ്യത്തിലെ ശൈലേഷാണ് പരിശീലകൻ. അമ്മ ജാൻസിയും സഹോദരൻ ഡെറിക് സാമുവലും പ്രോത്സാഹനവുമായി കൂടെയുണ്ട്.