പാനൂർ : തെയ്യങ്ങളുടെ മിനിയേച്ചർ വർക്കുകളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് അഞ്ചാം പീടിക സ്വദേശി സംഗീത് രാജ്. സംഗീതിന്റെ വീട്ടിൽ ചെന്നാൽ പെരുംകളിയാട്ടം നടക്കുന്ന കാവിൽ ചെന്ന പ്രതീതിയുളവാക്കുന്ന രീതിയിലാണ് തെയ്യങ്ങൾ നിരന്നു നിൽക്കുന്നത്. നിരവധി തെയ്യങ്ങളെയാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ തന്റെ കലാവിരുത് കൊണ്ട് ഒരുക്കിയിരിക്കുന്നത്.
ഇളംകോലം, കണ്ഠാകർണൻ, പൊട്ടൻ ദൈവം, ഗുളികൻ, ഉച്ചിട്ട, ബാലി, തായ്പരദേവത തുടങ്ങി നിരവധി ദൈവക്കോലങ്ങൾ ഉറയുന്ന ക്ഷേത്ര മുറ്റങ്ങൾ പോലെയാണ് ഈ കലാകാരന്റെ പണിശാല.
ഒറ്റ നോട്ടത്തിൽ ഒറിജിനൽ ദൈവങ്ങളുടെ മുന്നിൽ പോയി നിന്ന പ്രതീതിയും പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് നിർമ്മിച്ച ഓരോ രൂപങ്ങളിലും സംഗീത് നൽകിയിട്ടുണ്ട്. അത്രയോളം ജീവൻ തുടിക്കുന്നുണ്ട്. പ്ലസ് ടു കാലയളവിലാണ് ആദ്യമായി തെയ്യം രൂപങ്ങൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ തെർമോകോൾ വെച്ച് നിർമിച്ചതിനാൽ പെട്ടെന്ന് നശിച്ചു പോയി. പിന്നീടാണ് പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് നിർമാണം തുടങ്ങിയത്. ജോലി കഴിഞ്ഞുള്ള ഒഴിവു വേളയിലാണ് നിർമാണമെന്നതിനാൽ ഒരുമാസത്തിലധികം ഓരോ രൂപങ്ങളും ഉണ്ടാക്കിയെടുക്കാൻ എടുക്കുന്നതായി സംഗീത് പറയുന്നു.
നൂൽ, തുണി, ഫോം ബോർഡ് തുടങ്ങിയവയും മിനിയേച്ചറുകൾ നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇവ സോഷ്യൽ മീഡിയ വഴി കണ്ട് നിരവധി പേരാണ് സംഗീതിനെ സമീപിക്കുന്നത്. അതിനാൽ തന്നെ ജീവൻ തുടിക്കുന്ന തന്റെ തെയ്യം മിനിയേച്ചറുകളിൽ കൂടുതൽ വ്യാപൃതനാകാനാണ് ഈ കലാകാരന്റെ തീരുമാനം. ആശാരി തൊഴിലാളിയ അച്ഛൻ പി.വി.രാജേഷും അമ്മ സി.ബിന്ദുവും സഹോദരി ശിവനന്ദയും വലിയ പിന്തുണയാണ് നൽകുന്നത്.