സുൽത്താൻ ബത്തേരി : തലശ്ശേരി-മൈസൂർ റെയിൽപാതക്കുള്ള ഹെലിബോൺ സർവേ നടപടി സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജ് ഹെലിപ്പാഡ് കേന്ദ്രീകരിച്ച് തുടങ്ങി. ചൊവ്വാഴ്ച ഹെലികോപ്ടറിൻറെ സഹായത്തോടെയുള്ള ട്രയൽ റൺ നടന്നു. ബുധനാഴ്ചയും പുരോഗമിക്കും.
പാത കടന്നുപോകുന്ന മണ്ണിൻറെ ഘടന, പാറ, ഭൂഗർഭ ജലവിതാനം, ചതുപ്പ് എന്നിവയാണ് ഹെലികോപ്ടറിലൂടെ പരിശോധിക്കുന്നത്. ഇതിനായി ഇലക്ട്രോണിക് മാഗ്നറ്റിക് ഉപകരണം ഹെലികോപ്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ സർവേസംഘത്തിലുണ്ട്. വിദേശത്തുനിന്നുള്ള എൻജിനീയർമാരും ഹെലികോപ്ടർ നിരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. തലശ്ശേരി-മൈസൂർ റെയിൽപാതക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കൊങ്കൺ റെയിൽവേക്കാണ് സംസ്ഥാന സർക്കാർ കരാർ നൽകിയത്. സർവേ പൂർത്തിയാകുന്നതോടെ കണ്ണൂർ ജില്ലയിൽനിന്ന് വയനാട്ടിലേക്ക് കയറാനുള്ള റൂട്ട് നിർണയിക്കാനാവും. നേരത്തെ തലശ്ശേരി, പാനൂർ, ചെറുവാഞ്ചേരി ഭാഗങ്ങളിൽ സർവേ നടത്തി ചില ഭാഗങ്ങളിൽ മാർക്ക് ചെയ്തിരുന്നു. പഠനത്തിന് ശേഷം ഇതുവഴി റെയിൽപാത സാധ്യമാണെങ്കിലാണ് അലൈൻമെൻറ് തീരുമാനിക്കുക. പാതയുടെ പ്രാഥമിക സർവേക്കുപോലും കർണാടക അനുമതി നൽകാത്ത സാഹചര്യത്തിൽ കേരള അതിർത്തിവരെയുള്ള ഭാഗങ്ങളിൽ സർവേ പൂർത്തിയാക്കാനാണ് തീരുമാനം. 18 കോടിയിലധികം രൂപ ചെലവഴിച്ചാണ് സർവേ. രണ്ട് ദിവസം വയനാട്ടിൽ സർവേ നടത്തിയശേഷം കണ്ണൂർ ജില്ലയിലേക്ക് കടക്കും.