കണ്ണൂർ : വിപണിയിലെത്തുന്ന റബറിന്റെ അളവ് കുറയുന്നതിനോടൊപ്പം വില ഉയർന്ന് റബർ വിപണി. റബർ ബോർഡിന്റെ വില രണ്ടു ദിവസമായി 188 രൂപ ആണെങ്കിലും ജില്ലയിൽ ചിലയിടങ്ങളിൽ ഇന്നലെ 192 രൂപക്ക് വരെ റബർ വാങ്ങാൻ വ്യാപാരികൾ തയ്യാറായി എന്നാണ് വിവരം.
മഴ തുടരുന്നതിനാൽ ആഭ്യന്തര ഉത്പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്ന സൂചനയാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.
ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് നിലവിൽ വ്യാപാരം. ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വിലയിലും വർധനയുണ്ടാകുന്നത് പ്രതീക്ഷയോടെയാണ് വ്യാപാരികളും കർഷകരും വീക്ഷിക്കുന്നത്. ഇന്നലെ ബാങ്കോക്ക് വില രണ്ടര രൂപയോളം വർധിച്ച് 150.38 രൂപയിലെത്തി. ഒരാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര വിലയിലും ഏഴു രൂപയുടെ വർധനയുണ്ടായി തുടർച്ചയായ മഴയെ തുടർന്ന് ആഭ്യന്തര ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. സാധാരണ നവംബർ ആദ്യത്തോടെ ടാപ്പിംഗ് ആരംഭിച്ച് വിപണിയിൽ റബർ എത്തേണ്ട സമയം ആയിരുന്നു ഇത്. എന്നാൽ, ഇത് വരെ ടാപ്പിംഗ് ആരംഭിക്കാൻ കർഷകർക്ക് കഴിഞ്ഞിട്ടില്ല. ഇനി ടാപ്പിംഗ് ആരംഭിച്ചാലും ഉത്പാദനം കുറവായിരിക്കുമെന്ന് കർഷകർ പറയുന്നു
ഇതിനൊപ്പമാണ് വിദേശ വിപണിയിൽനിന്ന് റബർ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടും വ്യാപാരികൾക്ക് തലവേദന ആകുന്നത്. കണ്ടെയ്‌നർ ക്ഷാമമാണ് പ്രധാന കാരണം. അതേസമയം, സാമ്പത്തിക വർഷാവസാനത്തോടെ ആഗോളതലത്തിൽ രണ്ടു ലക്ഷം ടൺ റബറിന്റെ കുറവുണ്ടാകുമെന്നാണ് ഉല്പത്തി രാജ്യങ്ങളുടെ വിലയിരുത്തൽ. ഇതോടെ റബർ വില വീണ്ടും ഉയരാനുള്ള സാധ്യത ഉണ്ട്.