കണ്ണൂർ : പ്ലസ് വൺ പരീക്ഷാഫലം ഇന്ന്പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക. ഉച്ചയോടെയാവും പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികൾ പുറത്തായതോടെയാണ് സർക്കാർ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു. നിലവിൽ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളിൽ ക്‌ളാസ്സുകൾ നടക്കുന്നത്. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികൾ പരിഗണിച്ചാൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എത്രയുംവേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികൾ സ്‌കൂളുകളിലെത്താൻ തുടങ്ങിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക