• Sat. Jul 27th, 2024
Top Tags

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു; രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

Bydesk

Nov 27, 2021

കണ്ണൂര്‍ : ഇന്ത്യന്‍ രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു കണ്ണൂര്‍ കോര്‍പറേഷനെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്ന കേസിലെ രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പയ്യാമ്പലത്തെ റാഹത്ത് മന്‍സിലില്‍ പി. പി ഉമ്മര്‍ കുട്ടിയെ(67)യാണ് കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്‌റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ അവിടെ നിന്നും തിരിച്ചുവന്നതിനു ശേഷം വീരാജ് പേട്ടയിലെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു.

കണ്ണൂര്‍ ടൗണ്‍ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ മൂത്ത ജ്യേഷ്ഠന്‍ വി. പി. എം അഷ്‌റഫ് ഒരുമാസം മുന്‍പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ ആറിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസിലും കേസുണ്ട്. മുന്നൂറോളം ആളുകളെ ഇയാള്‍ വ്യാജഡിക്രിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായാണ് കേസ്. കണ്ണൂര്‍ പ്ലാസയിലെ വി. പി. എം അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാതിരിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിധിയുണ്ടെന്നു കാണിച്ചാണ് അഷ്‌റഫും ഉമ്മര്‍കുട്ടിയും തട്ടിപ്പു നടത്താന്‍ ശ്രമിച്ചത്. കോര്‍പറേഷനെയും സര്‍ക്കാരിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍രാഷ്ട്രപതിയുടെ ലെറ്റര്‍പാഡും സീലും വ്യാജമായി നിര്‍മിച്ചതാണെന്നു വ്യക്തമായത്. ഈകേസില്‍ നേരത്തെ അറസ്റ്റിലായ വി. പി. എം അഷ്‌റഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉമ്മര്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *