• Wed. Nov 13th, 2024
Top Tags

പിണറായി വിജയൻ്റെ ലക്ഷ്യം വികസനമല്ല; കോൺഗ്രസ് എം.പി കെ.മുരളീധരൻ.

Bydesk

Nov 28, 2021

കണ്ണൂർ : പിണറായി വിജയൻ്റെ ലക്ഷ്യം വികസനമല്ല, മറിച്ച് ഇതിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മീഷനാണെന്നും, ഇതിനെയാണ് കോൺഗ്രസ് എതിർക്കുന്നതെന്നും കെ മുരളീധരൻ എം. പി പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗരൺ പദയാത്രയുടെ സമാപനം സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ.

കേരളം അതി ഭയങ്കരമായ കടക്കെണിയിൽ നിൽക്കുമ്പോഴാണ് കോടികൾ മുടക്കി കെ റെയിൽ പദ്ധതി നടപ്പാക്കാൻ പിണറായി ഒരുങ്ങുന്നത്. ഇവിടെ ശമ്പളവും പെൻഷനും നൽകാനും റോഡ് വികസനം നടത്താനും പണമില്ലാതിരിക്കുമ്പോഴാണ് കടം വാങ്ങി ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനെതിരെ സംസാരിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. കെ റെയിലിനെ എതിർത്ത കോൺഗ്രസ് എം. പിമാരുടെ ബുദ്ധിക്ക് എന്തോ തകരാറുണ്ടന്ന് പറയാൻ ധാർഷ്ട്യം കാണിച്ചയാളാണ് പിണറായി. മുമ്പ് യു. ഡി. എഫ് സർക്കാർ എക്സ്പ്രസ് റോഡ് പദ്ധതി കൊണ്ടുവരുവാൻ ഒരുങ്ങിയപ്പോൾ, പശുവിനെ കെട്ടാൻ കഴിയില്ലെന്ന് പറഞ്ഞ് അതിനെ എതിർത്തു തോൽപ്പിച്ചവരാണ് കേരളത്തിന് കുറുകെ കോട്ടയുയർത്തുന്ന കെ റെയിൽ പദ്ധതി കൊണ്ടുവരുന്നത്. ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് പിന്നിൽ ഇവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ – ഇതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ.- മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തെ ഭരണം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കയാണ്. മന്ത്രിമാർക്ക് അവരുടെ വകുപ്പുകൾ ഏതെന്ന് പോലും അറിയില്ല. വായ തുറന്നാൽ മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുന്നവരായി മന്ത്രിമാർ മാറി. പോലീസ് സംവിധാനം നാഥനില്ലാക്കളരിയായി. അതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം നടന്ന ആത്മഹത്യകൾ. പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നവരെ മൂക്കിൽ പഞ്ഞി വെച്ചാണ് തിരികെ അയക്കുന്നത്. മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാടിനെ പിൻതുണച്ചതിലൂടെ സുപ്രീം കോടതിയിലെ കേസ് തോറ്റു കൊടുക്കുന്നതിന് തുല്യമായി.- മുരളീധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *