ഇരിട്ടി : ഇരിട്ടിയുടെ എഴുത്തുകാരി എന്നറിയപ്പെടുന്ന ധന്യനരീക്കോടൻ ഇന്ന് ജീവിത പ്രാരാംപ്തങ്ങളിൽ വീർപ്പ് മുട്ടുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങൾ രചിക്കുകയും, സംസ്ഥാന തലത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും, തല ചായ്ക്കാൻ ഒരിടം എന്നത് പോലും ഇവരുടെ ജീവിതത്തിലെ സ്വപ്നമായി മാത്രം ഇന്നും അവശേഷിക്കുകയാണ്.
ഇത് ഇരിട്ടിയിലെ ധന്യനരീക്കോടൻ, എട്ടാം ക്ലാസ് മുതൽ എഴുത്തിനോടുള്ള ഇവരുടെ പ്രണയം ഒട്ടേറെ വേദികളിലും, പുസ്തകങ്ങളിലും ഇടം പിടിച്ചിരുന്നൊരു കാലഘട്ടം. ഇതിനിടെയിൽ 2017 ൽ സർഗ്ഗഭൂമി സംസ്ഥാന പുരസ്കാരം, 2018 ൽ ഡോ.അംബേദ്കർ പുരസ്കാരം, 2020 ൽ ഉത്തര കേരള സാഹിത്യ സമിതി അക്ഷര പുരസ്കാരം, നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് എന്നിവ വാരി കൂട്ടിയ കാലഘട്ടം. എന്നാൽ കുടുംബ ജീവിതത്തിലെ പ്രാരാബ്‌ധങ്ങളും , മാതാവിന്റെയും, സഹോദരിയുടെയും ഭാരിച്ച ചികിത്സാ ചിലവുകളും ധന്യയുടെ ജീവിത ചുവടുകളുടെ താളം തെറ്റിച്ചു.
തല ചായ്ക്കാൻ സ്വന്തമായൊരു വീട് എന്നത് പോലും ഇന്നും ഇവരുടെ സ്വപ്നമായി മാത്രം അവശേഷിക്കുകയാണ്. മാതാവിനെയും, സഹോദരിയേയും പരിചരിക്കേണ്ടതിനാൽ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യം, മക്കളുടെ വിദ്യാഭ്യാസമെങ്കിലും മുടങ്ങാതെ കൊണ്ട് പോകാൻ പോലും ഈ കലാകാരി ഇന്നും ഏറെ പാട് പെടുകയാണ്. വാരി കൂട്ടിയ പുരസ്കാരങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ പോലും ഈ കൊച്ച് കൂരയിൽ ഇടമില്ല. ഏത് നിമിഷവും നിലംപൊത്താറായ വീടായതിനാൽ ചായ്പ്പിലാണ് പലപ്പോഴും ഇവർ അന്തിയുറങ്ങുന്നത് പോലും . അധികൃരുടെ യോ ഉദാരമതികളുടേയോ കനിവോടെ മാത്രമേ ഇവർക്ക് ഇനി മുന്നോട്ട് ജീവിക്കാൻ സാധിക്കൂ.