ഇരിങ്ങാലക്കുട : വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.
ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇരുവരും ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചിരുന്നത്.
ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് . ഇവ വിശദമായ പരിശോധനയ്ക്കയച്ചു.