കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐ.സി.എം.ആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബംഗളൂരുവിൽ എത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു.
ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളിൽ അടക്കം കർശന പരിശോധനയാണ്. അതേസമയം, കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ രംഗത്ത് വന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു.
ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങൾ നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കൊവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്‍റീൻ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചിരിക്കുകയാണ്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.