• Sat. Jul 27th, 2024
Top Tags

വിമാനത്താവളത്തിൽ അതീവ ജാഗ്രത: ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക്, പ്രതിദിനം ശരാശരി 1500 പേരെത്തുന്നു…

Bydesk

Nov 30, 2021

കണ്ണൂർ : പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ആഫ്രിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങൾ ഇവർ നൽകും. രാജ്യാന്തര യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേർന്നാൽ ആർ. ടി. പി. സി. ആർ പരിശോധന നടത്തും. ഹൈ റിസ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ‌ നിന്ന് എത്തുന്നവർക്കും ആർ. ടി. പി. സി. ആർ പരിശോധന ബാധകമാണ്. നിലവിൽ ഒക്ടോബർ 26ന് ഇറക്കിയ സർക്കുലർ പ്രകാരമാണ് പരിശോധന നടത്തുന്നത്.

വന്ദേഭാരത്, എയർ ബബിൾ ക്രമീകരണം വഴിയാണ് യാത്രക്കാർ നാട്ടിലെത്തുന്നത്. പ്രതിദിനം ശരാശരി 1500 പേരാണ് മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നത്. പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം യാത്രക്കാരുടെ പക്കൽ ഉണ്ടെങ്കിലും വിമാനത്താവളത്തിൽ ഒരുക്കിയ ഹെൽത്ത് ഡെസ്കിൽ  സർക്കാർ നിയോഗിച്ച ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തും. 7 ദിവസം ക്വാറന്റീനിൽ പ്രവേശിക്കാനും യാത്രക്കാരോടു നിർദേശിക്കും. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയാൽ അവരെ ഉടൻ ബന്ധപ്പെട്ടു വിവരം അറിയിക്കും. ഇവരോട് റൂം ക്വാറന്റീൻ നിർദേശിക്കും. അടുത്ത നാളുകളിൽ പുറത്തു നിന്നു വന്ന യാത്രക്കാർ പോസിറ്റീവ് ആയിട്ടില്ല.

വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഹൈ റിസ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ നിലവിൽ കണ്ണൂരിൽ എത്തിത്തുടങ്ങിയിട്ടില്ല. രാജ്യാന്തര, ആഭ്യന്തര അറൈവൽ കേന്ദ്രങ്ങളിലാണ് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്ക് പ്രവർത്തിക്കുന്നത്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ഉറപ്പുവരുത്തും. വിമാനത്താവളത്തിലെ ആരോഗ്യപ്രവർത്തകർ മറ്റു വകുപ്പുകളുമായി സഹകരിച്ചാണ് ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *