പയ്യന്നൂർ : ഇതര സർക്കാർ മെഡിക്കൽ കോളജുകളിലേതുപോലെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കോമ്പൗണ്ടിലും വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ തീരുമാനമായി.
ഡിസംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. തീരുമാനമനുസരിച്ച് സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് കീഴിൽവരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും പാർക്കിങ് ഫീസ് ബാധകമായിരിക്കും.
നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയുമാണ് ഈടാക്കുക. നാലു മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പാർക്കിങ് ഫീസ് ഇളവു ചെയ്ത മേൽ സൂചിപ്പിച്ച വാഹനങ്ങളിൽ ആയത് തെളിയിക്കുന്ന ഔദ്യോഗികമുദ്ര പതിച്ചിരിക്കണം.
പാർക്കിങ് ഫീസ് ഇനത്തിൽ ലഭിക്കുന്ന തുക ജില്ല കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിക്കുകീഴിൽ അതത് ദിവസം അടക്കും. ഈ തുക ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കുവേണ്ടിയാണ് വിനിയോഗിക്കുക. മെഡിക്കൽ കോളജിലെത്തുന്ന വാഹനങ്ങൾ സംബന്ധിച്ചുള്ള കണക്കെടുപ്പിൻറ കൂടി ഭാഗമായാണ് പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത്. കണ്ണൂർ കുടുംബശ്രീ മിഷനുമായി ചേർന്നാണ് പാർക്കിങ് സമ്പ്രദായം ചിട്ടപ്പെടുത്തുന്നത്.
ഡിസംബർ ഒന്നുമുതൽ പാർക്കിങ് ഫീസ് നടപ്പിലാക്കാൻ മെഡിക്കൽ കോളജിൽ നടന്ന യോഗത്തിൽ തീരുമാനമായതായും ആശുപത്രി വികസന സൊസൈറ്റി യോഗം അതിന് അംഗീകാരം നൽകിയതായും പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു.