• Sat. Jul 27th, 2024
Top Tags

ആശ്വാസ നവംബർ; 27 ദിവസമായി മാറാതെ ഇന്ധനവില.

Bydesk

Nov 30, 2021

കണ്ണൂർ : ഈ മാസം മൂന്നിന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ച ശേഷം രാജ്യത്ത് തുടർച്ചയായി 27 ദിവസം ഇന്ധന വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ഇതിനിടയ്ക്ക് പലവട്ടം ഏറ്റക്കുറച്ചിലുകളുണ്ടായിട്ടും രാജ്യത്ത് വിലയിൽ പ്രതിഫലിച്ചിട്ടില്ല. കരുതൽ ശേഖരം വിപണിയിലിറക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ ക്രൂഡ് ഓയിൽ വില കൂടിയെങ്കിലും ഒമിക്രോൺ ഭീതി കാരണം വെള്ളിയാഴ്ച 10 ഡോളറോളം ഇടിഞ്ഞിരുന്നു. ഇന്നലെ മൂന്നു ഡോളറോളം വില കയറുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വില കുറയുകയും കൂടുകയും ചെയ്യുന്നതെന്നാണ് കമ്പനികളും കേന്ദ്രസർക്കാരും വിശദീകരിക്കാറുള്ളത്.

വിവിധ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന ശേഷം ദീപാവലിക്കു തലേന്നാണ് എക്സൈസ് നികുതി പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് നികുതി കുറച്ചത്. അതിനു ശേഷം ഒട്ടേറെ സംസ്ഥാനങ്ങൾ സംസ്ഥാന വാറ്റും കുറച്ച് ജനത്തിന് ആശ്വാസമേകി. കേരളമടക്കം ചില സംസ്ഥാനങ്ങൾ കുറച്ചില്ല.

ഈ വർഷം ഇതിനു മുൻപ് മാർച്ചിൽ 5 സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴും ഓഗസ്റ്റിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുമ്പോഴും വിലയിൽ മാറ്റമില്ലാതെ പിടിച്ചു നിർത്തിയിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 23 വരെയാണ് സമ്മേളനം.

അനിയന്ത്രിതമായ വിലയക്കയറ്റം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ എൻ. കെ  പ്രേമചന്ദ്രൻ ഇതു സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസും നൽകി. പെട്രോൾ, ഡീസൽ പാചകവാതകം എന്നിവ ജിഎസ്ടിയിൽ കൊണ്ടുവരണമെന്ന് ലോക്സഭയിൽ ബെന്നി ബഹനാൻ ഇന്നലെ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോവിഡിൽ വലയുന്ന രാജ്യത്തെ സാധാരണക്കാരെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *