കണ്ണൂർ : കോർപറേഷന്റെ മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയ കൊച്ചിൻ സർവകലാശാല അപ്ലൈയ്ഡ് ഇക്കണോമിക്സ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ.ആന്റണി ജെ.കുട്ടഞ്ചേരി (41)ക്ക് കോർപറേഷൻ ഓഫിസിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. കോർപറേഷൻ ഓഫിസിൽ മേയറുടെ ചേംബറിനു പുറത്ത് ഇരിക്കെയാണു കോൺക്രീറ്റ് സീലിങ് തകർന്നു വീണത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് 2 തുന്നലിടേണ്ടി വന്നു.
വിവരമറിഞ്ഞ് മേയർ ടി. ഒ മോഹനൻ, ഡപ്യൂട്ടി മേയർ കെ ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, എം. പി രാജേഷ് എന്നിവർ ആശുപത്രിയിലെത്തി ഡോ.ആന്റണിയെ സന്ദർശിച്ചു. മാലിന്യ സംസ്ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു കോർപറേഷൻ ആരോഗ്യവിഭാഗം അധ്യക്ഷൻ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരെ കാണാനെത്തിയതായിരുന്നു തൃശൂർ സ്വദേശിയായ ഡോ.ആന്റണിയും ഗവേഷക വിദ്യാർഥിയായ കൊച്ചി സ്വദേശി സി ഷനോജും.
52 വർഷത്തോളം പഴക്കമുള്ളതാണ് കോർപറേഷൻ കെട്ടിടം. പലയിടത്തും കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിങ് അടർന്നത് കാണാം. തേപ്പുകളും അടർന്നു. മഴക്കാലത്ത് ചോർച്ചയുണ്ട്. പൂപ്പൽ പിടിച്ച കെട്ടിടം ആകെ അലങ്കോലമാണ് പലപ്പോഴും. കണ്ണൂർ കോർപറേഷന് 9 നിലകളിൽ ആസ്ഥാന മന്ദിരം പണിയാൻ കൗൺസിൽ അനുമതി നൽകിയിട്ട് വർഷം 4 പിന്നിട്ടിട്ടും നടപടിയില്ല. 55.89 കോടിയുടെ നിർമാണ പ്രവൃത്തി 20 മാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2017 നവംബറിൽ ഇ.പി.ലത മേയർ ആയിരിക്കെ ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തിരുന്നത്. സംസ്ഥാനത്ത് രൂപീകരിച്ച പുതിയ കോർപറേഷന് ആസ്ഥാന മന്ദിരം പണിയാൻ സർക്കാർ ബജറ്റിൽ 100 കോടി രൂപ മാറ്റിവച്ചിരുന്നു. ആദ്യം പദ്ധതി സമർപ്പിക്കുന്നവർക്ക് ആദ്യം പണം എന്നതായിരുന്നു സർക്കാർ നിർദേശം. കോർപറേഷന്റെ പദ്ധതി സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ തുടർ നടപടി നിലച്ചു.