• Sat. Jul 27th, 2024
Top Tags

വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍.

Bydesk

Dec 1, 2021

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കണ്ണൂര്‍ കോട്ടയുടെ മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് കോട്ട സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ വലിയ വികസന പ്രവര്‍നങ്ങളൊന്നും പുരാവസ്തു വകുപ്പ് അനുവദിക്കുന്നില്ല.

എങ്കിലും ദിനംപ്രതി 100 കണക്കിന് സഞ്ചാരികളാണ് കോട്ട സന്ദര്‍ശിക്കാനായെത്തുന്നത്. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളാണ് നിലവില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമാണ് കോട്ടക്കകത്തുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കോട്ടക്കകത്ത് ഫുഡ് കഫേയുടെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ കോട്ടയിലെത്തുന്ന സഞ്ചാരികളുടെ വലിയ ഒരു പ്രതിസന്ധിക്കാണ് അറുതിയാവുന്നത്.

കൂടാതെ കോട്ടക്കകത്ത് ഒരു ശുചിമുറിയുണ്ടായിരുന്നെങ്കിലും അത് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് മുമ്പാണ് അത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നാണ്‌സഞ്ചാരികളുടെ പരാതി. സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കോട്ടയ്ക്ക് പുറത്ത് ആധുനിക രീതിയിലുള്ള ശുചിമുറികള്‍ തുടങ്ങുന്ന പണികളും ആരംഭിച്ചു. കൂടാതെ അതിന് സമീപത്തായുള്ള ടിക്കറ്റ് കൗണ്ടറിന്റെയും ക്ലോക്ക് റൂമുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വരുന്ന ജനുവരിയോടെ ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇത്രയും സൗകര്യങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം കോട്ടയില്‍ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാതെ പുറത്ത് റോഡിലേക്ക് വരെ നീളുകയായിരുന്നു. അയ്യായിരത്തിയഞ്ഞുറിലധികം ആളുകല്‍ ഞായറാഴ്ച കോട്ടയിലെത്തിയെന്നാണ് കണക്ക്. ഞായറാഴ്ച ഒരു ദിവസം മാത്രം ലഭിച്ചത് 40,000 രൂപക്ക് മുകളില്‍ വരുമാനവും. കോവിഡിന് മുന്‍പ് പോലും ഇത്ര അധികം ആളുകള്‍ വന്നിരുന്നില്ലെന്നും ആദ്യമായാണ് കണ്ണൂര്‍ കോട്ടയില്‍ ഇത്രയും ആള്‍ക്കാര്‍ സന്ദര്‍ശിക്കാനെത്തിയതെന്നും അധികൃതര്‍ പറഞ്ഞു. വൈകീട്ട് 5 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശനവും. എന്നാല്‍ ഞയറാഴ്ച അഞ്ചരക്ക് ശേഷവും ജനങ്ങളെത്തിയെങ്കിലും ടിക്കറ്റ് ലഭിക്കാതെ മടങ്ങുകയായിരുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവുമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 20 രൂപയും നേരിട്ട് എടുക്കുമ്പോള്‍ 25 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്ക് 300 രൂപയാണ് നിരക്ക്. എന്നാല്‍ ഇവിടേക്കുള്ള വിദേശികളുടെ സന്ദര്‍ശനം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ 300 മുതല്‍ 500 വരെയുള്ള ആളുകളാണ് കോട്ടയിലെത്തുന്നത്. ചില ദിവസങ്ങളില്‍ അത് ആയിരത്തിന് മുകളിലുമെത്തും. പത്താം ക്ലാസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *