കണ്ണൂർ : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് ഒരുരൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് സിഎംഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ് ചാർജ് ഈടാക്കുന്നില്ലെന്നും സിഎംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൊബൈൽ മാവേലി സ്റ്റോറുകളിൽ പാക്കിങ് ചാർജ് ഈടാക്കുന്നില്ല. ഇവിടത്തെ ഉൽപ്പന്നങ്ങൾക്ക് ചാർജുവർധന ബാധകമല്ല. സപ്ലൈകോയുടെ സർവീസ് ഔട്ട്‌ലെറ്റുകളായ സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്കുമാത്രമാണ് പാക്കിങ് ചാർജ് ഈടാക്കുന്നത്. പാക്കറ്റിന് 50 പൈസയാണ് വർധിപ്പിച്ചത്. പാക്കിങ് തൊഴിലാളികൾക്കുള്ള വേതനം, പാക്കറ്റിന്റെ വില എന്നിവയുടെ ചെലവിൽ ഒരുഭാഗംമാത്രമാണിത്. അഞ്ച്, 10 കിലോ അരി ഉപയോക്താക്കൾക്ക് സ്വന്തം സഞ്ചികളിൽ പാക്കിങ് ചാർജ് ഇല്ലാതെ വാങ്ങാം. 2013 മുതൽ പാക്കിങ് ചാർജ് പുതുക്കിയിട്ടില്ല. ഇക്കാലത്ത് തൊഴിലാളികൾക്കുളള വേതനം ഒരു പാക്കറ്റിന് 1.65 രൂപയായി വർധിപ്പിച്ചു. പോളിത്തീൻ കവറുകളുടെ വിലയും കൂടി. ഈ സാഹചര്യത്തിലാണ് നിലവിലെ പാക്കിങ് ചാർജ് ഒരു പാക്കറ്റിന് 50 പൈസ വർധിപ്പിച്ചത്.
അരി നിറയ്‌ക്കുന്നതിന് ചണച്ചാക്ക് വാങ്ങിയത് സുതാര്യമായാണെന്നും സിഎംഡി പറഞ്ഞു. ഇ–ഓക്‌ഷന്‍വഴി ചണച്ചാക്കുകള്‍ സപ്ലൈകോ നേരിട്ട് വാങ്ങി നല്‍കണമെന്ന് അരി മിൽ ഉടമകളുമായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. മില്ലുകള്‍ക്ക് ലഭിക്കുന്നതിലും കുറഞ്ഞ നിരക്കിലാണ് ചാക്കുകള്‍ വാങ്ങിയത്. സപ്ലൈകോയാണ് ചാക്കുകള്‍ വാങ്ങുന്നതെങ്കിലും ഇതിന്റെ വില മില്ലുടമകളില്‍നിന്ന് ഈടാക്കുന്നുണ്ട്. ചാക്കുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും സിഎംഡി.