• Wed. Dec 4th, 2024
Top Tags

മാക്കൂട്ടം ചുരം പാതയിൽ യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ്.

Bydesk

Dec 3, 2021

ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ നാലു മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണത്തിൽ ഇളവ്. കർണ്ണാടകത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കുമാണ് ആർ ടി പി സി ആർ നിബന്ധനയിൽ കർണ്ണാടകാ സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് മാറ്റിയത് . കർണ്ണാടകത്തിലേക്ക് കടന്നുപോകാൻ വിദ്യാർത്ഥികൾക്കും അവിടത്തെ വ്യാപാരികൾക്കും ഇനി 14 ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ മറ്റുള്ളവർക്ക് മുന്നെപോലെ 72 മണിക്കൂറിനുള്ളിലെടുത്ത സർട്ടിഫിക്കറ്റും ചരക്ക് വാഹന ഡ്രൈവർമാർക്ക് 7 ദിവസത്തിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണം.
കഴിഞ്ഞ മാസം 28 ന് കർണ്ണാടകാ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും മാക്കൂട്ടം ചെക്ക് പോസ്റ്റ് അധികൃതർ ഇത് പ്രാബല്യത്തിലാക്കിയിരുന്നില്ല. തങ്ങൾക്കു ഇത്തരത്തിൽ ഒരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് വിവരമറിഞ്ഞെത്തിയവരെയെല്ലാം മടക്കി അയക്കുകയായിരുന്നു. കർണ്ണാടകത്തിൽ ഉള്ളവർ തന്നെ ചെക്ക്പോസ്റ്റിലെത്തി ഇതിനെ ചോദ്യം ചെയ്യുകയും കുടക് ജില്ലാ ഹെൽത്ത് ഓഫീസറുമായി സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വിദ്യാർത്ഥികളെയും ഇവിടുത്തെ വ്യാപാരികളെയും ഇളവ് നൽകി കടത്തി വിടാൻ തുടങ്ങിയത്.
കർണ്ണാടകത്തിലെ ബംഗളൂരു മൈസൂരു തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാര്ഥികൾക്കും കുടക് മേഖലകളിലും മറ്റും നിത്യേന പോയ്‌ക്കൊണ്ടിരുന്ന വ്യാപാരികൾക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നിബന്ധന ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇളവ് നൽകിയതിലൂടെ ഏറെ ആശ്വാസമാണ് ഇത്തരക്കാർക്ക് ഉണ്ടായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *