കണ്ണൂർ : റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ ഗുണ നിലവാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു മുഴപ്പിലങ്ങാട് കുളം ബസാറില്‍ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തിയ സപ്ലൈകോ മാവേലി സ്‌റ്റോറിൻ്റെ കെട്ടിടം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണ നിലവാരം ഇല്ലാത്ത ഉൽപന്നങ്ങൾ തിരിച്ചയക്കണം. ഉൽപ്പന്നങ്ങളുടെ ഗുണ നിലവാരം കൂടുതൽ കൂടുതൽ മെച്ചപ്പെടണം. അടുത്ത ടെൻഡർ മുതൽ ടെൻഡർ നടപടികൾക്കായി വരുന്ന ഉത്പന്നങ്ങളുടെ സാമ്പിളുകൾ സപ്ലൈകോ ഹെഡ് ഓഫീസിൽ മാത്രം സൂക്ഷിച്ചാൽ പോരെന്നും ഓരോ ജില്ലയിലെയും ഗുണ നിലവാരം അളക്കുന്ന ഉദ്യോഗസ്ഥർക്കും മന്ത്രിയുടെ ഓഫീസിലും എത്തിച്ച് അതെ സാമ്പിൾ തന്നെയാണോ വിതരണ കേന്ദ്രത്തിൽ എത്തുന്നതെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. റേഷൻ കടകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മെച്ചപ്പെട്ട രീതിയിൽ ആവണം. എല്ലാ സേവനങ്ങളും ലഭ്യമാകുന്ന കേന്ദ്രമായി റേഷൻ കടകളെ മാറ്റാനുള്ള ശ്രമം ആണ് സർക്കാർ നടത്തുന്നത്. റേഷൻ കടകളിലെ പരാതി പെട്ടികൾ വച്ചിരിക്കുന്നത് ആ കട മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്. പൊതുവിതരണരംഗം മെച്ചപ്പെടുത്താനുള്ള ശ്രമം ആണ് ഇത് വഴി നടക്കുന്നത്.
ആദിവാസി മേഖലകളിൽ, തീരപ്രദേശങ്ങൾ തുടങ്ങി ആളുകൾ കൂടുതൽ ഉള്ളിടങ്ങളിലേക്ക് വാതിൽപ്പടിയായി റേഷൻ കടകളുടെ സേവനങ്ങൾ എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്ന പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത ആദ്യവില്‍പന നടത്തി. ജില്ലാ പഞ്ചായത്തംഗം കെ. വി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ. ടി ഫര്‍സാന, മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അറത്തില്‍ സുന്ദരന്‍, അംഗം എം ഷീബ, സപ്ലൈകോ മേഖലാ മാനേജര്‍ കോഴിക്കോട് എന്‍ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ രാജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി പ്രഭാകന്‍മാസ്റ്റര്‍, ഡി. കെ മനോജ്, സി. എം അജിത്ത് കുമാര്‍, എ. കെ ഇബ്രാഹിം, അനന്തകൃഷ്ണന്‍ എന്നിവർപങ്കെടുത്തു.