എരിഞ്ഞിക്കടവ്∙ 15 വർഷം മുൻപ് കോറളായി പുഴയിൽ നിർമിക്കുകയും പിൽക്കാലം മുഴുവൻ നോക്കുകുത്തിയായി മാറുകയും ചെയ്ത ബോട്ടുജെട്ടി ഉപയോഗപ്രദമാക്കാൻ അധികൃതർ തയാറാകണം. കെ.സി.വേണുഗോപാൽ മന്ത്രി ആയിരുന്നപ്പോഴാണ് വളപട്ടണം പുഴയുടെ ഭാഗമായുള്ള കോറളായിൽ ബോട്ടുജെട്ടി നിർമിച്ചത്. നാലുഭാഗവും പുഴകൾ ഉള്ള പ്രകൃതിരമണീയമായ കോറളായിൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾ കണക്കിലെടുത്താണ് ജെട്ടി നിർമിച്ചത്.
എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചു എന്നല്ലാതെ ഉപയോഗപ്രദമാക്കാൻ അധികൃതർ തയാറായിട്ടില്ല. ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നിന്ന് ഇവിടേക്ക് 5 കിലോമീറ്ററിന്റെ ദൂരം മാത്രമേയുള്ളു. ഉദ്ഘാടന വേളയിൽ പഴയങ്ങാടി – പറശിനിക്കടവ് ബോട്ട് സർവീസ് കോറളായി വരെ നീട്ടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
തുടർന്ന് ഒട്ടേറെ ടൂറിസം പദ്ധതികൾ നിലവിൽ വന്നെങ്കിലും ഈ പദ്ധതിയിലൊന്നും കോറളായിയെ ഉൾപ്പെടുത്താൻ അധികൃതർ തയാറായില്ല. പറശിനിക്കടവിൽ എത്തുന്ന ബോട്ടുകൾ മലപ്പട്ടം മുനമ്പുകടവ് വരെ നീട്ടുകയാണെങ്കിൽ വിനോദ സഞ്ചാരികൾക്കു പ്രകൃതി ഭംഗി നിറഞ്ഞ കോറളായിൽ എത്തുന്നതിനും അതുവഴി കോറളായി എന്ന ഗ്രാമത്തിനു കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടാനും കഴിയും.