• Wed. Dec 4th, 2024
Top Tags

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

Bydesk

Dec 5, 2021

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മത്സര രംഗത്തുള്ളത്. ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ദിവാകരനെ നേരത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുവിഭാഗങ്ങൾക്കും നിർണ്ണായകമാണ്.

 

മൂന്ന് പതിറ്റാണ്ടായി ആശുപത്രിയുടെ ഭരണ സമിതി പ്രസിഡണ്ട് സ്ഥാനം മമ്പറം ദിവാകരനാണ് കയ്യാളുന്നത്. ഇതേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ചതിനു കോൺഗ്രസ് ദിവാകരനെ പുറത്താക്കിയിരുന്നു. മമ്പറം ദിവാകരൻറെ പാനലിനെതിരെ ഡിസിസി മറ്റൊരു പാനൽ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആകെ 5284 മെമ്പർമാർക്ക് വോട്ടവകാശമുള്ള സംഘത്തിൽ മരിച്ചവരും വിദേശത്തുളളവരും ഒഴികെ രണ്ടായിരത്തി അഞ്ഞൂറോളം പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് കണക്കുകൾ. ദിവാകരനെതിരെ നടപടി വന്നതോടെ പോരാട്ടം കനത്തു.

 

എങ്ങനെയും ഭരണം പിടിക്കുകയെന്നതാണ് ഇരു പാനലുകളുടെയും ലക്ഷ്യം. കെപിസിസി പ്രസിഡന്റിന്റെ തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നില്ല. അതേസമയം മമ്പറം ദിവാകരനും ഇത് അഭിമാന പോരാട്ടമാണ്. മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ആറ് മണിയോടെ ഫലം അറിയാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *