കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് നഴ്‌സായ വീട്ടമ്മയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.15ന് ചിറവക്കിലെ വീട്ടിലായിരുന്നു മോഷണം. ചിറവക്കില്‍ ജെ. കെ. എസ് റസിഡന്‍സി ലോഡ്ജിന് എതിര്‍വശം താമസിക്കുന്ന നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കൊണ്ടുപോയത്. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് കയറിയത്. ഭര്‍ത്താവും മക്കളും ഒരു മുറിയിലും മോളിയും അമ്മയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഫാന്‍ സ്പീഡിലിട്ടിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറക്കുന്നത് വീട്ടുകാര്‍ കേട്ടിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന മോളിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ ഉണര്‍ന്നത്. മാല പിടിച്ചുപറിച്ച് മോഷ്ടാവ് ഓടിയതിനാല്‍ ഇവരുടെ കഴുത്തിനും പരിക്കേറ്റു. വീട്ടുകാരുടെ ബഹളം കേട്ട് മോഷ്ടാവ് വീടിനു പുറത്തേക്ക് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിനെയും പരിസരത്തെയും കുറിച്ചു വ്യക്തമായി അറിയുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പുറത്ത് നല്ല ഇരുട്ടായതിനാല്‍ കവര്‍ച്ചക്കാരന്റെ രൂപം വ്യക്തമായിട്ടില്ലെന്നാണ് മോളിയുടെ മൊഴി. തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലെ നഴ്‌സാണ് മോളി ജോസ്.