കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം പിടികൂടി. നഗരത്തിലെ കൊയിലി ആശുപത്രി മുന്‍വശത്തുള്ള പൂനൈവാലാ ഫിന്‍കോര്‍പ്പെന്ന ബില്‍ഡിങില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവരികയായിരുന്ന രണ്ടുപേരാണ് പിടിയിലായത്. ഇവിടെ ഒരു മുറി കേന്ദ്രീകരിച്ചു ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവരികയായിരുന്ന കൊറ്റാളി സ്വദേശി വി. സി ഷാജി(50) പാതിരപ്പറമ്പ് സ്വദേശി കെസുഗുണന്‍(54) എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍വഴി ഇവര്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്‌റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നടത്തിവരുന്ന ലോട്ടറി സ്റ്റാള്‍ റെയ്ഡു നടത്തി പ്രതികളെ ഇന്നലെ വൈകുന്നേരം പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയതായുള്ള വോയ്‌സ് മെസേജുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു. ഇവര്‍ കണ്ണൂര്‍ നഗരത്തിലെ തന്നെ നിരവധിയാളുകളെ ചേര്‍ത്താണ് ചൂതാട്ടം നടത്തിവന്നത്. വരും ദിനങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിനെതിരെ റെയ്ഡു ശക്തമാക്കുമെന്നു പൊലിസ് അറിയിച്ചു.