• Wed. Dec 4th, 2024
Top Tags

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി.

Bydesk

Dec 13, 2021

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പോക്‌സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡി. ജി. പി നിര്‍ദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗത്തില്‍ ഡി. ജി. പിയുടെ വിശദമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയത്. സമീപകാലത്ത് കേരള പൊലീസുമായി ബന്ധപ്പെട്ടുണ്ടായ നിരവധി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി എസ്.പി റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടിയത്.

നേരത്തെ മോന്‍സന്‍ മാവുങ്കല്‍ കേസിലും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പൊലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിന്റെയും ആത്മഹത്യ കേസില്‍ പൊലീസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഡി. ജി. പി സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങള്‍ തുടരുന്ന നിലയായിരുന്നു.

പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും പൊലീസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. സി. പി. എം സമ്മേളനങ്ങളിലടക്കം ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് ഡി. ജി. പി യോഗം വിളിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.

ക്രമസമാധാന ചുമതലയുളള എസ്പിമാര്‍ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്പിമാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ നിദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഡി. ജി. പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോക്‌സോ- സ്ത്രീ സുരക്ഷ കേസുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. യോഗ തീരുമനുസരിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ ഡി. ജി. പി ഇറക്കും. അനില്‍കാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *