• Wed. Jun 19th, 2024
Top Tags

സാമ്പാർ എന്നാൽ ആ‍ഡംബരം; മീൻ കറിക്കും ചിക്കൻ കറിക്കും ഇടയിൽ വിളമ്പുന്ന ‘സ്പെഷൽ’ ആയി പച്ചക്കറി വിഭവങ്ങൾ.

Bydesk

Dec 14, 2021

കണ്ണൂർ∙ ‘ഉച്ചയൂണിന് വീട്ടിലെല്ലാവർക്കും സാമ്പാർ നിർബന്ധമായിരുന്നു. പച്ചക്കറി വില കുത്തനെ ഉയർന്നതോടെ സാമ്പാർ വയ്ക്കാതായി.  കുട്ടികൾ സാമ്പാർ വേണമെന്നു നിർബന്ധം പിടിച്ചാൽ മുരിങ്ങക്കായ, തക്കാളി, ഉള്ളി, വെള്ളരി പോലുള്ളവ ഒഴിവാക്കിയോ പേരിനു ചേർത്തോ ഒരു സാമ്പാർ തട്ടിക്കൂട്ടും. പയറിന്റെ വില കണ്ടാൽ എങ്ങനെയാണു വാങ്ങുക? വീട്ടുവളപ്പിലെ കൂമ്പോ കാമ്പോ താളോ തവരയോ പറിച്ചെടുത്താണു വറവുണ്ടാക്കുന്നത്….’

കോയ്യോട് സ്വദേശിയായ വീട്ടമ്മ കെ.കെ.സംഗീതയുടെ വാക്കുകളാണിവ. വിലക്കയറ്റം മൂലം സാമ്പാർ, അവിയൽ എന്നിവയെല്ലാം വീട്ടിലെ അത്യാഡംബര വിഭവങ്ങളായി മാറിയെന്നു വീട്ടമ്മമാർ ഒന്നടങ്കം പറയുന്നു. അരി, ഉഴുന്ന്, മല്ലി, മുളക്, ചെറുപയർ തുടങ്ങി അവശ്യസാധനങ്ങൾക്കെല്ലാം വില കുത്തനെ കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്.

അവശ്യസാധനങ്ങളുടെയെല്ലാം വില ആഴ്ചകളായി കുതിച്ചുയരുകയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ കനത്തമഴയാണ് അരിക്കും പച്ചക്കറിക്കും വില കൂടാനിടയാക്കിയത്. ഇന്ധനവിലക്കയറ്റവും വില കൂടാൻ കാരണമായി. സപ്ലൈകോയിലെ സബ്സിഡിയില്ലാത്ത അവശ്യ സാധനങ്ങളുടെയെല്ലാം വില വർധിപ്പിച്ചു.

കുറുവ അരി, മട്ട അരി, സോപ്പ്, ചെറുപയർ, പരിപ്പ്, ഉഴുന്ന്, മല്ലി, മുളക്, മുതിര, കടുക്, ജീരകം, പഞ്ചസാര എന്നിവയുടെ വില കൂടിയിട്ടുണ്ട്. വെണ്ടയ്ക്ക, ബീൻസ്, പയർ, കാരറ്റ്, വെള്ളരി, കോവയ്ക്ക എന്നിവയ്ക്കെല്ലാം കിലോഗ്രാമിന് 100 രൂപയോളമാണു വില. മുരിങ്ങക്കായയ്ക്ക് 300 രൂപ വരെ വിലയുണ്ട്. ഉള്ളിവില 40 രൂപയ്ക്കു മുകളിലായി. ചെറിയ ഉള്ളി വില 70 രൂപ കടന്നു. ഇതിനിടെ ജില്ലയിൽ തക്കാളിവില അൽപം താഴ്ന്നു. 60 രൂപയിലേക്ക് ചില്ലറവില താഴ്ന്നിട്ടുണ്ട്.

പച്ചക്കറി വില കുതിക്കുമ്പോൾ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വില കൂടിയതോടെ മുരിങ്ങക്കായ, തക്കാളി, പയർ തുടങ്ങിയവ വാങ്ങുന്നത് ആളുകൾ കുറച്ചു. ദിവസങ്ങൾക്കുള്ളിൽ കേടാകുന്നതിനാൽ കച്ചവടക്കാർക്കു വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ചെറുകച്ചവടക്കാർ ലോഡ് എടുക്കുന്നതിലും കുറവു വരുത്തിയിട്ടുണ്ട്.

ഇവിടെ പച്ചക്കറി മാത്രമേ ഉള്ളൂ? ഇറച്ചിയും മീനുമില്ലേ എന്നൊക്കെ കുട്ടികൾ ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നെന്ന് മാതാപിതാക്കൾ ഓർക്കുന്നു. മീൻ കറിക്കും ചിക്കൻ കറിക്കും ഇടയിൽ ‘സ്പെഷൽ’ ആയി വിളമ്പുന്ന വിഭവങ്ങളായി പച്ചക്കറി മാറി. വിലക്കയറ്റത്തിനിടയിലും മീൻ വില താഴ്ന്നു നിൽക്കുന്നതു വലിയ ആശ്വാസമാകുന്നുണ്ട്. അയക്കൂറയ്ക്ക് 300 മുതൽ 450 വരെയാണു വില. 2.5 കിലോഗ്രാമിൽ താഴെയുള്ള അയക്കൂറ കിലോഗ്രാമിന് 270–300 രൂപയ്ക്കു ലഭിക്കും. വലിയ മത്തിക്ക് 140 രൂപയും അയലയ്ക്കു 150 രൂപയുമാണ് വില.

ചെറിയ അയലയ്ക്ക് 50–70 രൂപയും മത്തിക്ക് 70 രൂപയുമാണു വില. ചൂരയ്ക്ക് 70 രൂപ. ആവോലിക്ക് 400 രൂപ. ഒരു മാസമായി മീൻവില താഴ്ന്നാണു നിൽക്കുന്നതെന്നും കേരള തീരത്തു ദൗർലഭ്യമുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിനു മീൻ എത്തുന്നതിനാൽ ഉടൻ വില കൂടാനുള്ള സാധ്യതയില്ലെന്നും ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.എം.എ.മുഹമ്മദ് പറഞ്ഞു. ചിക്കനും വലിയ തോതിൽ വില കൂടാത്തതു ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. 120–125 രൂപയാണ് കിലോഗ്രാമിനു വില. ക്രിസ്മസ്–ന്യൂ ഇയർ വിപണിയിലും ചിക്കൻ വിലയിൽ കാര്യമായ വർധനയുണ്ടാകാനിടയില്ലെന്നു കച്ചവടക്കാർ പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *