ചപ്പാരപ്പടവ്∙ സ്കൂളിനു സമീപം റോഡരികിൽ നട്ടുവളർത്തിയ തണൽമരങ്ങൾ മുറിച്ചുമാറ്റി. ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ മൂന്നു വലിയ മരങ്ങളാണ് സ്കൂൾ അധികൃതർ തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. പഞ്ചായത്തിന്റെ കീഴിലുള്ള മടക്കാട്-ചപ്പാരപ്പടവ് റോഡരികിലാണ് മരങ്ങൾ ഉണ്ടായിരുന്നതെന്നും പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഇവ മുറിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശൻ പറഞ്ഞു. ആഴ്ചകൾക്കു മുൻപ് നടത്തിയ ടാറിങ്ങും റോഡരികിലെ ജപ്പാൻ ശുദ്ധജലവിതരണ പൈപ്പും തകർന്നു.
സ്കൂളിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ വർഷങ്ങൾക്കു മുൻപ് നട്ടുവളർത്തിയ മരങ്ങളാണിവ.ഈ വലിയ മരങ്ങൾ വഴിയാത്രക്കാർക്കും അനുഗ്രഹമായിരുന്നു. സ്കൂൾ അധികൃതരുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുതുടങ്ങി. റോഡരികിൽ നിന്ന മരങ്ങൾ മുറിച്ചതിനു പഞ്ചായത്ത് സ്കൂൾ അധികൃതർക്ക് നോട്ടിസ് നൽകി. അതേസമയം, വൈദ്യുതലൈൻ കടന്നുപോകുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാനാണ് മരങ്ങൾ മുറിച്ചതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.