• Wed. Dec 4th, 2024
Top Tags

സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം.

Bydesk

Dec 14, 2021

കണ്ണൂർ :  സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പാചക ചെലവിലേക്കുള്ള തുക കൂട്ടാൻ തയാറെന്ന് സർക്കാർ അറിയിച്ചു. പ്രൊപോസൽ തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടുദിവസം പാലും (150 മില്ലീലിറ്റർ) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്.

സർക്കാർ നൽകുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നൽകാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സർക്കാരിനെ അറിയിച്ചിരുന്നു. പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ പാലും മുട്ടയും വിതരണം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നിവേദനവും നൽകി. പാചകച്ചെലവ് വർധിപ്പിക്കുന്നതുസംബന്ധിച്ച ശുപാർശ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *