• Fri. Sep 13th, 2024
Top Tags

ലഹരി മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍..

Bydesk

Dec 16, 2021

കണ്ണൂര്‍ : കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരി വേട്ട. അതിമാരക ലഹരിമരുന്നായ എല്‍,എസ്,ഡി സ്റ്റാമ്പുമായി രണ്ട് യുവാക്കള്‍  പിടിയിലായി. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അതിമാരക ലഹരിമരുന്നായ എല്‍,എസ്,ഡി സ്റ്റാമ്പും  കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി പ്രജൂണ്‍, കണ്ണൂര്‍ കക്കാട് പള്ളിപ്രം സ്വദേശി ഷീബാലയത്തില്‍ ടി യദുല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തില്‍  ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. കണ്ണൂര്‍ ടൗണ്‍ , സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന്  വില്‍പ്പന ചെയ്യുന്ന  പ്രധാനകണ്ണികളാണ് എക്‌സൈസിന്റെ വലയിലായത്.

നഗരങ്ങളില്‍ നടത്തുന്ന ഡി ജെ പാര്‍ട്ടികളില്‍ പ്രധാനമായും  ഉപയോഗിക്കുന്ന പേപ്പര്‍, സൂപ്പര്‍മാന്‍ , ബൂമര്‍ ,ലാല, ആലീസ് , എന്നീ കോഡ് ഭാഷകളിലും  ചെല്ലപ്പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ്  എല്‍ എസ് ഡി. വിവിധ വര്‍ണ്ണചിത്രങ്ങളിലും, വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാല്‍ ശരീര ഭാഗങ്ങളിലും എവിടെയും ഒളിപ്പിക്കുവാന്‍ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടു പിടിക്കുന്നത് തന്നെ വളരെ പ്രയാസകരമാണ്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ പിടിച്ചതില്‍ ഏറ്റവും വലിയ എല്‍ എസ് ഡി വേട്ടയാണിത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശശിചേണിച്ചേരി , എം.കെ സന്തോഷ് , ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, കെ എം ദീപക് ,സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ വി ഹരിദാസന്‍  എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ രജിരാഗ് പി ജലിഷ് പി, കെ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് വില്‍പ്പനക്കാരെ  പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ  ഉത്തര മേഖല  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ്  ഇവരെ  ചോദ്യം ചെയ്തതില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവിധയിനം ലഹരിമരുന്ന് കടത്ത് സംഘം ,കമ്മീഷന്‍ ഏജന്റ്മാര്‍, വില്‍പ്പനക്കാര്‍ എന്നിവരെക്കുറിച്ച് എക്‌സൈസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടിയ ലഹരിമരുന്നിന് ലക്ഷങ്ങള്‍ വില വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *