• Sat. Jul 27th, 2024
Top Tags

കണ്ണൂര്‍ വി.സി. പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം.

Bydesk

Dec 16, 2021

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി. വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സർക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.

വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി.

ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *