കണ്ണൂർ : കൃത്രിമ ജലപാതക്കെതിരെ കുടിയിറക്ക് ദുരിതയാത്ര സമര പരിപാടി സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ, അവരുടെ വീട്ടു സാധനങ്ങളും വളർത്തുമൃഗങ്ങളുമായാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക. ഡിസംബർ 21 ന് രാവിലെ 10 മണിക്ക് താണയിൽ നിന്നും കലക്ടറേറ്റിലേക്ക് നടത്തുന്ന ദുരിതയാത്ര പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ പ്രതിനിധികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കും ദേശീയ ജലപാതയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂർ ജില്ലയിലെ മാഹി മുതൽ വളപട്ടണം വരെയുള്ള ഭാഗങ്ങളിൽ കൃത്രിമ ജലപാത ഉണ്ടാക്കുന്നത്. വിശദമായ പ്രൊജക്ട് റിപ്പോർട്ടോ പരിസ്ഥിതി, സാമൂഹികാഘാതപഠനമോ ഇതിനു വേണ്ടി തയ്യാറാക്കിയിട്ടില്ലെന്ന് സ്മര സമിതി ആരോപിച്ചു.
കേരള ഇൻലാൻ്റ് വാട്ടർവേസ് ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് എന്ന ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 60 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്, ഇതിൽ 40 മീറ്റർ ജലപാതയും ഇരുവശങ്ങളിൽ 10 മീറ്റർ വീതിയിൽ നടപ്പാതയുമാണ്. 4 മീറ്റർ ആഴത്തിൽ വെള്ളം നില നിർത്തപ്പെടണം. ഇതൊക്കെ അപ്രായോഗികമാണെന്ന് സമരസമിതി അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കനത്ത ആഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പദ്ധതി.
കിണറുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നതിനിടയാക്കുന്നതോടൊപ്പം ഭൂഗർഭ ജലശേഖരം കുറയുന്നത് കണ്ണുർ ജില്ലയുടെ ശുദ്ധജല ലഭ്യതക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുകയെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേ സമ്മേളനത്തിൽ കെ.വിജയരാജൻ ( ചെയർമാൻ സംഘാടക സമിതി ), അഡ്വ.വിനോദ് പയ്യട (രക്ഷാധികാരി, സംഘാടക സമിതി), ഇ മനീഷ്, രാജൻ കോരമ്പേത്ത്, (ചെയർമാൻ, ജലപാത വിരുദ്ധ സമിതി), ടി.വി. മനോഹരൻ പങ്കെടുത്തു