ഡൽഹി : രണ്ട് ദിവസത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ നേരിടേണ്ടത് സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ബില്ലിനെ പാർലമെന്റിൽ എതിർക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട. അടുത്ത മാസം ആദ്യം ഹൈദരാബാദിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും കരടിന് അംഗീകാരം നൽകുക.
നേരത്തെ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. അതേസമയം രാഷ്ട്രീയ പ്രമേയത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഉൾപ്പെടെയുള്ളവയും യോഗത്തിൽ ചർച്ചയാകും. മാത്രമല്ല കർഷക സമരം വിജയിച്ച പശ്ചാത്തലവും ലഖിംപൂർ കർഷക കൊലപാതകവും പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ചയായേക്കും.