പാറമേക്കാവ് : നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും കാമുകനും സുഹൃത്തും അറസ്‌റ്റിൽ. വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരെയാണ് ബുധനാഴ്‌ച പുലർച്ചെ രണ്ടോടെ പൊലീസ് അറസ്‌റ്റ് ചെയ്തത്. പൂങ്കുന്നം എംഎൽഎ റോഡിൽ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് കിഴക്കുള്ള കുറ്റൂർ ചിറയുടെ തടയണയ്‌ക്ക് സമീപമാണ് ചൊവ്വാഴ്ച രാവിലെ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവം നടന്ന് മണിക്കൂറുകൾക്കം പ്രതികളെ പൊലീസ് വലയിലാക്കി. സമീപത്തെ സിസിടിവി പരിശോധിച്ചതിൽ രണ്ട് യുവാക്കൾ ബൈക്കിൽ വന്ന് സഞ്ചി ഉപേക്ഷിച്ചു പോകുന്നത് കണ്ടു. തുടർന്നാണ് യുവാക്കളെ പിടികൂടിയത്. കുളിമുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാമുകനും സുഹൃത്തും മൃതദേഹം സഞ്ചിയിലാക്കി ഉപേക്ഷിച്ചു. യുവതി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വിരലടയാള വിദഗ്‌ധർ, സയന്റിഫിക് ഓഫീസർ, ഡോഗ് സ്ക്വാഡ്, പൊലീസ് ഫോട്ടാഗ്രാഫർ, ഷാഡോ പൊലീസ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. ഒരാഴ്‌ച പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടായിരുന്നു. ഒരടി മാത്രം വെള്ളമുള്ള ഭാഗത്താണ് കിടന്നിരുന്നത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു. മൃതദേഹം ഏറ്റുവാങ്ങാൻ യുവതിയുടെയോ കാമുകന്റെയോ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് പൊലീസ് ലാലൂർ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.