കണ്ണുർ: രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കണ്ണുർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം രാഷ്ട്രീയ കൊലപാതകങ്ങളും തിരിച്ചടികളും കേരള സമൂഹത്തിൽ നടക്കുന്നത് ജനാധിപത്യത്തിൻ്റെ വെളിച്ചം കെടുത്തുകയാണ് ചെയ്യുന്നത്. കണ്ണുരിൽ ഉൾപ്പെടെ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് ഒരു വശത്തുള്ളത്.വർഗീയ കലാപത്തിനൊപ്പം രാഷ്ട്രീയ അക്രമങ്ങളിലും ബി.ജെ.പി മറുവശത്തു നിൽക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ ഇതു ചെയ്യരുതാത്തതാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ടത് എല്ലാവരുടെയും ആവിശ്യമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് മുൻകൈയ്യെടുക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കെ. റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തെ തകർക്കും.കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളെല്ലാം നഗരത്തിനോട് അടുത്തു സ്ഥിതി ചെയ്യുന്നതും സാധാരണക്കാർക്ക് ഏറ്റവും ഗുണപ്രദവുമായതാണ്. ഇത്തരം റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കാതെ സിൽവർ ലൈനിനു പിന്നാലെ പോകുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
ഒരു ലക്ഷം കോടിയിലേറെ വിദേശ രാജ്യങ്ങളിൽ നിന്നും കടമെടുത്താണ് പരിസ്ഥിതിക്ക് വിനാശകരമായ പദ്ധതി നടപ്പിലാക്കുന്നത്. യുക്തിപരമായി ചിന്തിക്കുന്ന ഒരു സർക്കാരും ചെയ്യരുതാത്തതാണിത് റിയൽ എസ്റ്റേറ്റ് ലോബിക്കു വേണ്ടിയാണ് സർക്കാർ ജനവിരുദ്ധമായ പദ്ധതി നടപ്പിലാക്കുന്നത്.രാജ്യത്ത് ബ്രോഡ്ഗേജ് പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരിനെ നയിക്കുന്നവരും ഉദ്യോഗസ്ഥരും പലതും ചിന്തിക്കണം സാമുഹ്യ-പരിസ്ഥിതി ആഘാത പഠനമോ സാമ്പത്തിക പ്രത്യാഘാതമോ പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാർ പരിഗണിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളിൽ കടമെടുക്കുന്ന കോടികളിൽ നിന്നും പ്രതിഫലം ഈക്കാര്യത്തിൽ ചിലർ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി പ്രശാന്ത് ഭൂഷൺ പറഞ്ഞു പരിസ്ഥിതിക്ക് അങ്ങേയറ്റം വിനാശകരമായ പദ്ധതിയാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിക്കെതിരെയുള്ള ജനകീയ പ്രതിഷേധം സർക്കാർ കാണാതെ പോകരുതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.കഴിഞ്ഞ ഏഴു വർഷത്തെ ഭരണം കൊണ്ടു നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ജുഡീഷ്യറിയെപ്പോലും തകർന്നു.
മാധ്യമങ്ങളെ പരസ്യം നൽകി കോർപറേറ്റുകൾ വിലയ്ക്കെടുത്തുവെന്നും പ്രശാന്ത് ഭൂഷൺ ചുണ്ടിക്കാട്ടി. രാജ്യത്ത് സ്വതന്ത്ര ചിന്തയും ശബ്ദങ്ങളും കുറഞ്ഞു കൊണ്ടിരിക്കുകയാണ് കേന്ദ്ര ഏജൻസികളായ ഇ ഡി യെയും സി.ബി.ഐയെയും മോദി സർക്കാർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെതിരെ നടത്തിയ നീക്കങ്ങൾ നാം കണ്ടതാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.മീറ്റ് ദ പ്രസിൽ പ്രസ് ക്ളബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് എ കെ ഹാരിസ് അധ്യക്ഷനായി.