മുഴപ്പിലങ്ങാട് – മാഹി ബൈപാസ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 31 നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തി ത്വരിതഗതിയിലാക്കിയത്.
ദേശീയപാതയില്‍ തലശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സ്വപ്നപദ്ധതിക്കാണ് മാര്‍ച്ചോടെ പൂര്‍ത്തീകരണമാകുന്നത്.
കരാര്‍ പ്രകാരം മുഴപ്പിലങ്ങാട് മാഹി ബൈപാസ് 2021 സെപ്തംബറിലാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. കോവിഡ് പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും പ്രവൃത്തി നീട്ടി. ബൈപാസിലെ നാല് പാലങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഷിഫ്റ്റായി 24 മണിക്കൂറും പ്രവൃത്തി നടക്കുന്നുണ്ട്. 1500 ഓളം തൊഴിലാളികളാണ് പ്രവൃത്തിയിലുള്ളത്. പാലയാട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ടാറിങ്ങും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
ബാലത്തിലെയും മാഹിപ്പുഴക്ക് കുറുകെയുള്ള പാലത്തിലെയും ടാറിങ്ങാണ് ബാക്കിയുള്ളത്. എരഞ്ഞോളി പാലം നിര്‍മാണം അടുത്താഴ്ചയോടെ പൂര്‍ത്തിയാകും. മയ്യഴിപ്പുഴക്കു കുറുകെ 970 മീറ്റര്‍ നീളത്തിലുള്ള പാലമാണ് ബൈപാസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപാസ് നിര്‍മാണം തുടങ്ങിയത് 2017 ഡിസംമ്ബര്‍ നാലിനാണ്.
എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചറിനാണ് നിര്‍മാണച്ചുമതല. റോഡ് ലെവലിങ് പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ടാറിങ് പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. 13 മേല്‍പാലങ്ങളാണ് ബൈപാസിലുള്ളത്. 22 അടിപ്പാതകളും. നൂറിലേറെ കലുങ്കുകളുള്ള പാതയില്‍ ഇരുവശത്തും സര്‍വീസ് റോഡുകളുണ്ട്. 20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാടുനിന്ന് മാഹിയിലെത്താമെന്നതാണ് ബൈപാസിന്റെ സവിശേഷത. തലശേരി നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാന്‍ 30 വര്‍ഷംമുമ്പാണ് ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത്.