• Sat. Jul 27th, 2024
Top Tags

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ.

Bydesk

Jan 1, 2022

കണ്ണൂര്‍ : ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിശ യോഗത്തിൽ നിർദേശം. ആകെയുള്ള 17 പദ്ധതികളിൽ 10 പ്രവൃത്തികൾ പൂർത്തീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി, ജലനിധി പൈപ്പ് ലൈൻ ഉള്ളതിനാൽ ഒഴിവാക്കിയതായി എഡിസി (ജനറൽ) യോഗത്തെ അറിയിച്ചു. ബാക്കി ആറു പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. ഡിപിസി ഹാളിൽ ദിശ ചെയർമാൻ കെ സുധാകരൻ എം പിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് എം പി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കൊവിഡ് ബ്രിഗേഡ്‌സിന് ലഭിക്കാനുള്ള റിസ്‌ക് അലവൻസ് ഉടൻ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എസ് ടി കോളനികളിലെ കുട്ടികൾക്ക് അങ്കണവാടി മുഖേന ലഭ്യമാക്കിയിരുന്ന പ്രഭാത ഭക്ഷണം കൊവിഡ് കാരണം മുടങ്ങിയത് പുനസ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഐ സി ഡി എസിൽ പദ്ധതി ഇല്ലാത്തതിനാൽ പഞ്ചായത്തുകളാണ് ഇവ ലഭ്യമാക്കിയിരുന്നത്.

ആറളം ആദിവാസി മേഖലയിൽ അനുവദിച്ച അങ്കണവാടികൾ സ്ഥാപിക്കുന്നതിലെ തടസ്സങ്ങൾ പരിശോധിക്കാൻ വനിതാ-ശിശു വികസന ഓഫീസറോട് യോഗം നിർദേശിച്ചു. ജനിതക വൈകല്യം മൂലമുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം പഠിക്കാൻ നാഷനൽ ഹെൽത്ത് മിഷനോട് യോഗം നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. സജീവ് ജോസഫ്, കെ പി മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിസി (ജനറൽ) പിഎയു പ്രൊജക്ട് ഡയറക്ടർ ടൈനി സൂസൻ ജോൺ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, എം പിമാരുടെ പ്രതിനിധികൾ, ബി ഡി ഒമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *