• Tue. Sep 17th, 2024
Top Tags

വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

Bydesk

Mar 4, 2022

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോലിക്ക് വളരെ നിര്‍ണായകമാണ് ഇന്ന് തുടങ്ങുന്ന കരിയറിലെ 100ാം ടെസ്റ്റ് മത്സരം. താരം അവസാനമായി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്. അതിന് ശേഷം കളിച്ച 70 ഇന്നിങ്‌സുകളിലൊന്നിലും മൂന്നക്കം നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള കഴിഞ്ഞ 4 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ വിരാട് കോലി നേടിയത് 610 റണ്‍സാണ്. 2 ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്.

കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ഈ അപൂര്‍വ നേട്ടം പിന്നിടുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യക്കായി വളരെ കുറച്ച് താരങ്ങള്‍ മാത്രമേ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂവെന്നും ഗാംഗുലി പറഞ്ഞു. കോലി അപൂര്‍വ നാഴികക്കല്ല് പിന്നിടുന്നത് കാണാനായി താന്‍ മൊഹാലിയില്‍ ഉണ്ടാവുമെന്നും അദ്ദേഹത്തെ 100 ടെസ്റ്റ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 50 % കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയില്‍ കളിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *