• Tue. Sep 17th, 2024
Top Tags

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ. കുട്ടപ്പന്‍ അന്തരിച്ചു

Bydesk

Jun 21, 2023

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ . എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9 മുതല്‍ 11 വരെ എറണാകുളം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പന്‍-കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രില്‍ 12നാണ് കുട്ടപ്പന്‍ ജനിച്ചത്. എംബിബിഎസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ജോലി നോക്കിയ കുട്ടപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്ക്കുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായത്.

കെപിസിസി ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോണ്‍ഗ്രസ് (ഐ) പട്ടികജാതി/ വര്‍ഗ സെല്‍ സംസ്ഥാന ചെയര്‍മാന്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1980ല്‍ വണ്ടൂരിനെയും 1987ല്‍ ചേലക്കരയെയും 1996ലും 2001ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം പൊതുജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി. സംസ്‌കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *