ഇരിട്ടി : കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ.കെ ബാലകൃഷ്ണനും , വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കോളനിയിൽ എത്തിയത്. കോടികളുടെ ഫണ്ടും എല്ലാ സർക്കാർ സംവിധാനവും ഉണ്ടായിട്ടും കോളനിവാസികൾക്ക് ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് വിളിച്ചുവരുത്തിയ വിവിധ വകുപ്പ് മേധാവികളോടും ജനപ്രതിനിധികളോടും ജഡ്ജി ആരാഞ്ഞു. ഇരിട്ടി നഗരസഭയിലെ കീഴൂർ ആക്കപ്പറമ്പ് കോളനിയുടെ ദുരവസ്ഥ നേരിൽ കാണാനാണ് ജഡ്ജി എത്തിയത്. കോളനി വാസികളായ ലീല, നങ്ങ, ദേവി, ശാന്ത എന്നിവരാണ് ജഡ്ജിക്ക് കോളനിയിലെ ദുരവസ്ഥ വിവരിച്ച് പരാതി നൽകിയത്. നഗരസഭയിലെ ഏററവും പഴയ കോളനിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ തീരെ ഇല്ല. പൊളിഞ്ഞു വീഴാറായ വീടുകൾ, നടന്നുപോകാൻപോലും പറ്റാത വഴി, എട്ടു വിട്ടുകാർക്ക് ഒരു കിണർ, കിണറും കക്കൂസും തമ്മിലുള്ള അകലം കുടിവെള്ളത്തെ മലിനമാക്കുന്ന രീതിയിലും. പല വീടുകളിലും വൈദ്യുതി പോലും ഇല്ല. വൈദ്യുതി ഉപയോഗിക്കാത വീട്ടുകാർക്ക് പോലും ആയിരിത്തിലധികം രൂപയുടെ വൈദ്യുതി ബിൽ. പതിനെട്ട് കഴിഞ്ഞ അംഗത്തിന് പോലും റേഷൻ കാർഡിൽ പേരില്ല. എട്ടുകുട്ടികൾ പഠിക്കുന്ന കോളനിയിൽ മൊബൈൽ സൗകര്യം പലർക്കും ഇല്ല.
ഇതെല്ലാം കോടതി മുറിയിൽ വിളിച്ചു വരുത്തി പരിശോധിക്കാമായിരുന്നു. കണ്ടകാര്യങ്ങൾ റിപ്പോർട്ടാക്കി ഹൈകോടതിക്ക് നൽകും.എല്ലാവർക്കും നല്ല വീട് അനുവദിക്കണം. സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനം എടക്കാമെന്ന് റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്. നഗരസഭ വീട്ടിനുള്ള ഫണ്ട് അനുവദിക്കണമെന്ന് നഗരസഭാ സെക്രട്ടറിയോടും ചെയർപേഴ്‌സനോടും നിർദ്ദേശിച്ചു. കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഫിബ്രുവരി 28നുള്ളിൽ ഇത് നടപ്പിലാക്കിയതായി കാണിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു. വൈദ്യുതി കണക്ഷൻ ഉള്ള കുടുംബങ്ങൾക്ക് പതിനായിരത്തോളം ബിൽ വരാനുള്ള കാരണം കെ.എസ്.ഇ.ബി രേഖാമൂലം അറിയിക്കണം. സൗജന്യ വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി എഞ്ചിനീയറോട് നിർദ്ദേശിച്ചു. കീഴൂർ വി.യു.പി സ്‌ക്കൂളിൽ വകുപ്പ് മേധാവികളുടെ അവലോകന യോഗവും ചേർന്നു.ലീഗൽ അതോരിറ്റി സെക്രട്ടറി ലിസി കെ.പയസ്, പാര ലീഗൽ പ്രവർത്തകരായ വാഴയിൽ ഭാസ്‌ക്കരൻ, പി.പ്രദീപൻ, വുമൺപ്രൊട്ടക്ഷൻ ഓഫീസർപി.സുലജ, നഗരസഭാ ചെയർമാൻ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി ഉസ്മാൻ , ട്രൈബൽ ഓഫീസർമാർ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു.