ഇരിട്ടി : ഇരിട്ടിക്ക് മറുകര കടക്കാന്‍ പുതിയ പാലം ലഭ്യമായതോടെ പലരും ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷുകാര്‍ പണിത പാലത്തെ മറന്നിരിക്കുകയാണ്. തകര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കുന്ന പാലത്തെ ബലപ്പെടുത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ആര്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യമാണുള്ളത്. ഉളിക്കല്‍- തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാനുള്ള ഉറ്റവരിപാതയായി പഴയ പാലത്തെ ക്രമീകരിച്ചിരിക്കുകയാണിപ്പോള്‍…
നിരവധി ക്യാമറാക്കണ്ണുകള്‍ വട്ടമിട്ടു നടന്ന് ഇരിട്ടിയുടെ ഹൃദയത്തില്‍ എന്നും നിലകൊള്ളുന്ന പഴയ പാലത്തിന്റെ പ്രൗഡി ഇപ്പോള്‍ മങ്ങുകയാണ്. പുതിയ പാലം വന്നതോടെ പഴയ പാലത്തെ ആരും ശ്രദ്ധിക്കാത്തതാണ് ഇതിനു കാരണം. പുറമേ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും ഇരുമ്പു പാളികള്‍ എല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. പാലത്തിന്റെ താഴ് ഭാഗത്തെ കോണ്‍ക്രീറ്റു ഭീമുകള്‍ അടര്‍ന്നു പുഴയിലേക്ക് വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹങ്ങള്‍ പാലത്തിലൂടെ പോകുമ്പോള്‍ പാലം ഇളകി ആടുന്നതും വര്‍ദ്ധിച്ചു വരികയാണ്.
പുതിയ പാലം നിര്‍മ്മിതിക്കു ശേഷം പഴയ പാലത്തിന്റെ അറ്റ കുറ്റപ്പണികള്‍ ആരംഭിക്കുമെന്ന രീതിയില്‍ പ്രചാരണം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, ഇതിനു വേണ്ട യാതൊരു വിധ പ്രവര്‍ത്തികളും ഇക്കാലമത്രയും ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇരിട്ടി പാലത്തെ സംരക്ഷിക്കണമെന്ന രീതിയില്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഇടാന്‍ പലരും താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും ഇതിനുവേണ്ടി ശബ്ദിക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടുമില്ല. എത്രയും വേഗം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ വരും കാല തലമുറയ്ക്ക് ഇരിട്ടി പാലത്തെ നേരില്‍ കാണാനുള്ള ഭാഗ്യമെങ്കിലും ലഭിക്കും…