• Sat. Jul 27th, 2024
Top Tags

സംഘപരിവാർ മനസുള്ള ഒരാൾ കോൺഗ്രസിന് നേതൃത്വം നൽകുന്നു; കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍

Bydesk

Sep 14, 2021

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി രാജിവെച്ച കോൺഗ്രസ് നേതാവ് കെ.പി. അനിൽകുമാർ. സംഘപരിവാർ മനസുള്ള ഒരാളാണ് കോൺഗ്രസിന് നേതൃത്വം നൽകുന്നതെന്ന് വിമർശനം. കെ പി സി സി യിൽ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്ത പോലെയാണ് കെ സുധാകരന്റെ നടപടികൾ. ഗ്രൂപ്പിസത്തിന്റെ ഭാഗമാകാതിരുന്നതിനാൽ തന്നെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിച്ചില്ലെന്ന് കെ പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി മറ്റ് പദവികൾ നൽകിയില്ല. അഞ്ച് വര്ഷം പരാതി പറയാതെ പാർട്ടിയിൽ പ്രവർത്തിച്ചു. നാല് പ്രസിഡന്റുമാർക്കൊപ്പമാണ് പ്രവർത്തിച്ചത്. കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ൽ കൊയിലാണ്ടി സീറ്റ് നിഷേധിച്ചു. പക്ഷെ പരസ്യമായി പൊട്ടിത്തെറിച്ചില്ല. നീതിനിഷേധമാണ് ഇന്ന് കോൺഗ്രസിൽ നടക്കുന്നതെന്നും കെ പി അനില്‍കുമാര്‍ ആരോപിച്ചു.

അൽപ സമയം മുൻപാണ് കോൺ​ഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.

ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു. എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *