• Mon. Apr 15th, 2024
Top Tags

നരേന്ദ്രമോദി കര്‍മ്മയോഗിയായ അവതാര പുരുഷന്‍: സി.കെ. പത്മനാഭന്‍

Bydesk

Sep 17, 2021

കണ്ണൂര്‍: ലോകം മുഴുവന്‍ ആദരിക്കുന്ന പൗരാണിക ഭാരതീയ സംസ്‌കാരിക പൈതൃകത്തിന്റെ മഹത്വം ഉള്‍ക്കൊളളുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആധുനിക കാലഘട്ടത്തില്‍ ഭാരതത്തിന് ദൈവത്തിന്റെ വരദാനമായി ലഭിച്ച അവതാര പുരുഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സേവാസമര്‍പ്പണ്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരാണിക ഭാരതീയ സംസ്‌കാരത്തില്‍ മുനിമാര്‍ ചെയ്ത സുകൃതം ഇപ്പോള്‍ വീണ്ടും മോദിയിലുടെ ഭാരതത്തിന് ലഭിച്ചിരിക്കുകയാണെന്നും ലോകാരാധ്യ നേതാവായി അദ്ദേഹം മാറിയിരിക്കുകയാണെന്നന്നും സി.കെ.പി പറഞ്ഞു.

 

അഫ്ഗാനില്‍ താലിബന്‍ ഭരണകൂടത്തെ ലോകമെങ്ങും ഭയക്കുമ്പോഴും ഇന്ത്യ സധൈര്യം നില്‍ക്കുന്നത് മോദിയുടെ കീഴിലുള്ള ഭാരതത്തിന് ഇത്തരം ശക്തികളുടെ അന്ത്യം കുറിക്കാന്‍ കരുത്തുള്ളതുകൊണ്ടാണ്. മോദി ഭരണത്തില്‍ ഭാരതം യുഗ പരിവര്‍ത്തനത്തിലൂടെ കടന്നു പോവുകയാണ്. 21ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടായി തീര്‍ക്കാനുളള ദൗത്യമാണ് മോദി ഏറ്റെടുത്തിരിക്കുന്നത്. ആദിശങ്കരനെ പോലുളളവരെ വളരെ ആഴത്തില്‍ പഠിച്ചിട്ടുളള മോദിയുടെ ജീവിതം ലോകത്തിനാകമാനം മാതൃകയാണ്. എന്നാല്‍ മലയാളികള്‍ ആദിശങ്കരനെ പോലുളളവരെ ഇനിയും മനസിലാക്കിയിട്ടില്ലെന്നും ഇതാണ് കേരളത്തിലെ സര്‍വ്വ പ്രതിസന്ധിയ്ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അരാജകത്വത്തിലും അരക്ഷിതാവസ്ഥിയിലും എത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇതിനെയെല്ലാം ശരീരയായ രീതിയില്‍ നേരിട്ട് ശാന്തിയും സമാധനവും വികസനവുമുളള രാജ്യമാക്കി മോദി ഭാരതത്തെ മാറ്റിയിരിക്കുകയാണ്. ഗാന്ധിജിയുടെ സ്വപ്നമായ രാമരാജ്യമെന്ന സങ്കല്‍പ്പത്തിലേക്ക് ഭാരതം നീങ്ങി കൊണ്ടിരിക്കുകയാണ്. സമ്പല്‍ സമൃദ്ധവും സമത്വ സുന്ദരവുമായ രാജ്യം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പന്ന്യന്നൂര്‍ ചന്ദ്രന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് അധ്യക്ഷനായി. ചടങ്ങില്‍ ഡോക്ടര്‍മാര്‍, വിരമിച്ച സൈനീകര്‍, അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുപത്തിയൊന്ന് വ്യക്തിത്വങ്ങളെ ആദരിച്ചു. ബിജെപി ദേശീയ സമിതിയംഗം എ. ദാമോദരന്‍, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ.കെ. വിനോദ് കുമാർ , ബിജു എളക്കുഴി ,സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, ട്രഷറര്‍ യു.ടി. ജയന്തന്‍, ജില്ലാ വൈസ്പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം, ജില്ലാ സെക്രട്ടറിമാരായ അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, സെലീന പറമ്പത്ത് , സെൽ കോഡിനേറ്റർ എം.പി. സുമേഷ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ആദരണ ചടങ്ങിന് ശേഷം ചാലാട് മൂകാംബിക ബാലികാ സദനത്തിലെത്തിയ നേതാക്കള്‍ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *