കണ്ണൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അബ്ദുൽ ഖാദർ മൗലവിയും അറിയിച്ചു. 20ന് രാവിലെ 10 മുതൽ ഒന്ന് വരെയാണ് ധർണ. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവ് പിൻവലിക്കുക, മുട്ടിൽ മരംമുറി കേസിൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്തുക, ഡോളർ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലാതല സമര പരിപാടികളുടെ ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിക്കും. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
അഴീക്കോട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവിയും പേരാവൂരിൽ സണ്ണി ജോസഫ് എംഎൽഎയും ധർണ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠാപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനവും സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തും. പാനൂരിൽ കെ. മുരളീധരൻ എം.പിയും, തളിപ്പറമ്പിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും പഴയങ്ങാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും, പയ്യന്നൂരിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. സഹദുള്ളയും, ആലക്കോട് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും, മട്ടന്നൂരിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായിയും, ചക്കരക്കല്ലിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളിയും, തലശേരിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും ധർണ ഉദ്ഘാടനം ചെയ്യും.