പയ്യാവൂർ : പയ്യാവൂരിലെ ഭരണ പ്രതിപക്ഷ വാക്പോര് തുടരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ സ്റ്റീയറിങ് കമ്മിറ്റി ചേർന്ന് പദ്ധതി റിവിഷൻ നടത്തി ഡിപിസിക്ക് നൽകിയത് സംബന്ധിച്ചായിരുന്നു ഇരു പക്ഷങ്ങളും വാദപ്രതിവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.സംഭവം നിയമ വിധേയമല്ല എന്ന് വാദിച്ച് പ്രതിപക്ഷമായ യുഡിഎഫ് ഹൈക്കോടതിയിൽ എത്തിയതോടെ സ്ഥിതി ഗൗരവമായി.യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ പരിശോധിച്ചേ അനുമതി നൽകാവൂ എന്ന് കോടതി കളക്ടർക്ക് നിർദ്ദേശം നൽകി. വീണ്ടും സ്റ്റാന്റിംഗ് കമ്മറ്റി ചേരാൻ കളക്ടർ നിർദ്ദേശം നൽകി.
ഇതോടെ ഇവർ കേസ് പിൻവലിക്കുകയും ചെയ്തു.എന്നാൽ മിനിട്‌സ് തിരുത്തിയതിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റിക്ക് പകരമായി സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കണമെങ്കിൽ മുൻപ് ചേർന്നിട്ടുള്ള കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ 9 ആം തിയതി ചേർന്ന യോഗത്തിൽ എടുക്കാത്ത തീരുമാനം പിന്നീട് എഴുതിച്ചേർത്താണ് സ്റ്റിയറിങ് കമ്മിറ്റി നടപടിയെ ഭരണപക്ഷം ന്യായീകരിക്കുന്നത് എന്ന് യുഡിഎഫ് ആരോപിച്ചു.യുഡിഎഫ് അംഗങ്ങളായ 7 പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാർ,സ്ഥലം എംഎൽഎ ഉൾപ്പടെ ഭരണപക്ഷവുമായി സഹകരിച്ച് പോകാൻ മാത്രമാണ് ശ്രേമിക്കുന്നത് എന്ന് യുഡിഎഫ് വ്യക്തമാക്കി.വാർത്ത സമ്മേളനത്തിൽ ടി.പി അഷ്‌റഫ്,ടെൻസൺ ജോർജ് കണ്ടത്തിങ്കര,ജീത്തു തോമസ് എന്നിവർ പങ്കെടുത്തു.